കോഴഞ്ചേരി : പമ്പാനദിയിൽ രണ്ട് ദിവസമായി നിലനിൽക്കുന്ന ജലനിരപ്പ് സെന്റിമീറ്ററുകൾ താഴുകയും അതേപോലെ ഉയരുകയും ചെയ്യുന്നത് തീരദേശവാസികളെ ആശങ്കയിലാക്കുന്നു. നദി കരകവിഞ്ഞ് സമീപസ്ഥലങ്ങളിലേക്ക് കയറിയ വെള്ളം ഒഴുകിമാറാത്തത് കാരണം പല പഞ്ചായത്തുകളിലായി നൂറുകണക്കിന് വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്.
ചെറുകോൽ പഞ്ചായത്തിലെ വാഴക്കുന്നം-മേലുകര തിരുവാഭരണപാതയിലെ 40 വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. തോട്ടപ്പുഴശേരി പഞ്ചായത്തിലെ കുടന്ത, മാരാമൺ എസ്.ബി.ഐ.യുടെ സമീപം, പാലയ്ക്കാട്ട് ചിറയ്ക്ക് സമീപം എന്നിവിടങ്ങളിലെ വീടുകളിൽ കയറിയ വെള്ളവും ഒഴുകിമാറിയിട്ടില്ല.
പട്ടികജാതി കോളനിയായ ആറന്മുള പഞ്ചായത്തിലെ എഴീക്കാട് കോളനിയിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിലാണ്. മല്ലപ്പുഴശേരി പഞ്ചായത്തിലെ കുറുന്താർ, മുട്ടടി, കുന്നത്ത്്്കര പാടശേഖരത്തിന് സമീപത്തെ വീടുകളും ഇതേ അവസ്ഥയിലാണ്. കോഴഞ്ചേരി പഞ്ചായത്തിലെ വഞ്ചിത്ര രക്തകണ്ഠൻകാവ് ക്ഷേത്രത്തിന് സമീപത്തെ രണ്ട്് കുടുംബങ്ങൾ ഒഴികെ 50-ഓളം വീടുകളിലെ താമസക്കാർ സാധനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയശേഷം വീട് വിട്ട് ബന്ധുവീടുകളിലേക്ക് മാറി.