കടക്കാട് ഫാമിലെ കൃഷി വെള്ളത്തിലായി
കരിങ്ങാലി പാടം നിറയുന്നു
പന്തളം : അച്ചൻകോവിലാറ്റിൽനിന്ന് കൈത്തോടുകൾ വഴി വെള്ളം ഒഴുകി കരിങ്ങാലി, മാവര പാടം നിറഞ്ഞതോടെ തീരത്തുള്ള അൻപതിലധികം വീടുകളിൽ വെള്ളം കയറി. പന്തളം കുരമ്പാല വില്ലേജുകളിൽപ്പെട്ട ഭാഗത്താണ് വെള്ളം ഉയർന്നിട്ടുള്ളത്. മുടിയൂർക്കോണം എം.ഡി.എൽ.പി.സ്‌കൂൾ, വ്യക്തിയുടെ കെട്ടിടം, ചേരിക്കൽ എസ്.വി.എൽ.പി.സ്‌കൂൾ, മങ്ങാരം എം.എസ്.എം.എൽ.പി.സ്‌കൂൾ, പൂളിക്കാട് യു.പി.സ്‌കൂൾ എന്നിവിടങ്ങളിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
കുളനട പഞ്ചായത്തിലെ മാന്തുകയിൽ കുപ്പണ്ണൂർ പാടത്തുനിന്ന് വെള്ളം കയറിയ ആറ് വീടുകളിലെ അംഗങ്ങളെ അടുത്തുള്ള വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
പന്തളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ വെള്ളം കയറാൻ സാദ്ധ്യതയുള്ളതിനാൽ ബസുകൾ പന്തളം സെന്റ് തോമസ് ഹൈസ്‌കൂൾ മൈതാനത്തേക്ക് മാറ്റി. അച്ചൻകോവിലാറിന്റെ തീരത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പന്തളത്ത് രണ്ട് ബോട്ടുകളുടെ സേവനം ലഭിക്കുമെന്നും ആവശ്യത്തിനുള്ള ക്യാമ്പുകൾ തുറക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സ്ഥലം സന്ദർശിച്ച ചിറ്റയം ഗോപകുമാർ എം.എൽ.എ. പറഞ്ഞു.
പന്തളം കരിമ്പുവിത്തുത്പാദനകേന്ദ്രത്തിലെ കൃഷി വെള്ളത്തിലായി. ഓണത്തിന് ശർക്കര എടുക്കാനായി നിർത്തിയിരുന്ന 13 ഏക്കർ കരിമ്പ്, വിത്തിനായി നിർത്തിയിരുന്ന കാർഷികവിളകൾ, വാഴ, കുരുമുളകുവള്ളി, ഓണക്കാലത്തേക്കുള്ള പച്ചക്കറി ഇനങ്ങൾ എന്നിവ വെള്ളത്തിലായിട്ടുണ്ട്.
20 ലക്ഷം രൂപയുടെ നഷ്ടം കരിമ്പുകൃഷിയിലുണ്ടായെന്ന് ഓഫീസർ വിമൽ പറഞ്ഞു. ചിറ്റയം ഗോപകുമാർ എം.എൽ.എ., ജില്ലാ കൃഷി ഓഫീസർ അനിലാ മാത്യു, ഡെപ്യൂട്ടി ഡയറക്ടർ ലൂയിസ് മാത്യു എന്നിവർ സ്ഥലം സന്ദർശിച്ചു.