പത്തനംതിട്ട : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് ഇടതുമുന്നണിയുടെ വാർട്ടർലൂ ആണ്. തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ യു.ഡി.എഫ്. നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.

സ്വർണക്കള്ളക്കടത്തുകാർക്കും ലഹരിമരുന്ന് കച്ചവടക്കാർക്കും വിഹരിക്കാവുന്ന പാർട്ടിയായി സി.പി.എം. മാറിയെന്ന് കുറ്റപ്പെടുത്തിയ രമേശ് ചെന്നിത്തല കോടിയേരിയുടെ കാര്യത്തിൽ പാലക്കാട് പാർട്ടി പ്ലീന തീരുമാനം നടപ്പാക്കാൻ സി.പി.എം. തയ്യാറാകുമോ എന്നും ചോദിച്ചു. ജോസ് കെ.മാണി വിഭാഗത്തിന്റെ മുന്നണിമാറ്റം ഒരുതരത്തിലും യു.ഡി.എഫിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. ചെയർമാൻ വിക്ടർ ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ., ഡി.സി.സി. പ്രസിഡൻറ് ബാബു ജോർജ്, പ്രൊഫ. പി.ജെ.കുര്യൻ, എം.പി.മാരായ ആൻറോ ആൻറണി, അടൂർ പ്രകാശ്, അഡ്വ. കെ.ശിവദാസൻ നായർ, പന്തളം സുധാകരൻ, ജോസഫ് എം.പുതുശ്ശേരി, മാലേത്ത് സരളാദേവി, അഡ്വ. പഴകുളം മധു, പി.മോഹൻരാജ്, യു.ഡി.എഫ്. ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെ.ഇ.അബ്ദുൾ റഹ്മാൻ, ടി.എ.ഹമീദ്, അഡ്വ. ജോർജ് വർഗീസ്, എം.ആർ.ശശിധരൻ, മലയാലപ്പുഴ ശ്രീകോമളൻ എന്നിവർ പ്രസംഗിച്ചു.