തിരുവല്ല: സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ചിലർ വാർഡുകളിൽ പ്രചാരണം തുടങ്ങിയെങ്കിലും നഗരസഭയിൽ എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. മുന്നണികളിൽ സീറ്റ് വിഭജനം പൂർത്തീകരിച്ചിട്ടില്ല. ഏകദേശ സീറ്റ് വിഭജനം ഇടത് മുന്നണിയിൽ പൂർത്തീകരിച്ചിട്ടുണ്ട്. ജോസ് കെ.മാണിയുടെ വരവും പോക്കുമാണ് ഇടത്-വലത് മുന്നണികളിൽ സീറ്റ് വിഭജനത്തിൽ ഉയരുന്ന തർക്കം. 39 വാർഡുകളാണ് നഗരസഭയിലുള്ളത്.

എൽ.ഡി.എഫ്.

ഇടതുമുന്നണിയിൽ ഉരുത്തുരിഞ്ഞിരിക്കുന്ന ഫോർമുല ഇങ്ങനെയാണ്: സി.പി.എം-19, കേരള കോൺഗ്രസ്(എം)ജോസ് വിഭാഗം-9, ജനതാദൾ(എസ്)-5, സിപി.ഐ.-4, ലോക് താന്ത്രിക് ജനതാദൾ-1, കേരള കോൺഗ്രസ്(സ്‌കറിയാ തോമസ്)-1. ഇതിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം. 11-ന് സീറ്റ് വിഭജനം പൂർത്തീകരിച്ച് സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കാനാണ് ഇപ്പോഴുള്ള തീരുമാനം.

യു.ഡി.എഫ്.

ഭരണം നടത്തുന്ന യു.ഡി.എഫിൽ ജോസഫ് വിഭാഗത്തിന് നൽകേണ്ട സീറ്റ് എത്രയെന്നതാണ് പ്രധാന ചോദ്യം. കഴിഞ്ഞ തവണ കോൺഗ്രസ് 23 സീറ്റുകളിലും മാണി വിഭാഗം 14 സീറ്റുകളിലുമാണ് മത്സരിച്ചത്. മാണിവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ചെയർമാനുമായ ചെറിയാൻ പോളച്ചിറയ്ക്കൽ ജോസ് കെ.മാണിവിഭാഗത്തോടൊപ്പമാണ് നിൽക്കുന്നത്. എന്നാൽ, നിലവിലെ ഭരണസമിതിയിലെ 10 അംഗങ്ങളിൽ ഏഴ് പേർ യു.ഡി.എഫിന് ഒപ്പമാണ്. ഇത്രയും സീറ്റ് മാത്രം ജോസഫ് വിഭാഗത്തിന് വിട്ടുനൽകിയാൽ മതിയെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗത്തിന്റെ നിർദേശം. പരമാവധി പത്ത് സീറ്റുകൾവരെ വിട്ടുനൽകി ധാരണയിലെത്താനും നീക്കമുണ്ട്. 14 സീറ്റും വേണമെന്ന ഉറച്ച നിലപാടിലാണ് ജോസഫ് വിഭാഗം നിൽക്കുന്നത്. ജില്ലാ തലത്തിലാകും ഇക്കാര്യത്തിൽ ഫോർമുല തയ്യാറാക്കുക. മുസ്‌ലിം ലീഗിനും ആർ.എസ്.പി.ക്കും ഓരോ സീറ്റ് വീതം യു.ഡി.എഫ്. നൽകും. 12-ന് പട്ടിക പുറത്തിറക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

എൻ.ഡി.എ.

എൻ.ഡി.എ.യിൽ ബി.ഡി.ജെ.എസിനും നാഷണലിസ്റ്റ് കേരള കോൺഗ്രസിനും സീറ്റുകളുണ്ടാകും. എത്രയെണ്ണമെന്ന് തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണ 33 വാർഡുകളിലാണ് ബി.ജെ.പി. മത്സരിച്ചത്. ഇത്തവണ മുഴുവൻ വാർഡുകളിലും എൻ.ഡി.എ. മത്സരിക്കും. ബി.ജെ.പി. ശക്തികേന്ദ്രങ്ങളിൽ സ്ഥാനാർഥിനിർണയം പൂർത്തീകരിച്ച് പ്രചാരണം തുടങ്ങിയിട്ടുമുണ്ട്.