പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പിലുണ്ടായ വോട്ടുചോർച്ചയെ സംബന്ധിച്ച് വസ്തുനിഷ്ഠമായി വിലയിരുത്താൻ ചിറ്റയം ഗോപകുമാറും എൽ.ഡി.എഫ്. നേതൃത്വവും തയ്യാറാകണമെന്ന് അടൂരിലെ യു.ഡി.എഫ്. സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ എം.ജി.കണ്ണൻ ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാൽലക്ഷത്തിൽപ്പരം വോട്ടുകൾക്ക് വിജയിച്ച ജനപ്രതിനിധി, കഴിഞ്ഞ പത്തുവർഷമായി അടൂർ മണ്ഡലത്തിൽ നടത്തിയ വികസനം എന്താണെന്ന് തിരിച്ചറിഞ്ഞ ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമായത്.

കേരളത്തിൽ ഇടതുതരംഗം ഉണ്ടായിട്ടും മൂവായിരത്തിൽതാഴെ വോട്ടുകൾക്കാണ് ചിറ്റയത്തിന് വിജയിക്കാനായത്. ഭൂരിപക്ഷം വരുന്ന ഇതര സമുദായത്തിൽപ്പെട്ടവർ അധിവസിക്കുന്ന അടൂർ പട്ടികജാതി സംവരണ മണ്ഡലത്തിൽ ജാതിപറഞ്ഞ് താൻ വോട്ട് തേടിയെന്ന ആരോപണത്തിന് മറുപടി അർഹിക്കുന്നില്ല. വ്യാജ നോട്ടീസ് ഇറക്കിയെന്ന ചിറ്റയത്തിന്റെ ആരോപണത്തിന്റെ നിജസ്ഥിതി ജനങ്ങൾക്കറിയാം. മരണപ്പെട്ട വ്യക്തിയുടെ പേരിലുള്ള വ്യാജ നോട്ടീസ് മണ്ഡലത്തിലെ വീടുകളിലെത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവർതന്നെ ആക്ഷേപമുന്നയിക്കുന്നത് അപഹാസ്യമാണെന്നും എം.ജി.കണ്ണൻ പറഞ്ഞു.