ഇലവുംതിട്ട : സന്ധ്യകഴിഞ്ഞാൽ കഴിവതും കവലയ്ക്കോട്ട് പോകാതിരിക്കുക.ഇനി പോകുന്നെങ്കിൽ കൈയ്യിൽ വല്ല ടോർച്ചോ മൊബൈലോ കത്തിച്ച് പിടിച്ചോണം.

ഇല്ലെങ്കിൽ അങ്ങോട്ട് പോകുന്ന പരുവത്തിലായിരിക്കില്ല തിരിച്ചുവരവ്.അത്രയ്ക്ക് ഇരുട്ടിലാണ് ഇലവുംതിട്ട. നാട്ടുകാർ ബന്ധപ്പെട്ടവരോട് പരാതി പറഞ്ഞ് മടുത്തു.എല്ലാം കേട്ടും കണ്ടും ചെറുചിരി പാസാക്കി വെളിച്ചം ദുഃഖമാണെന്ന നിലപാടിൽ അവരങ്ങ് മടങ്ങും അത്രതന്നെ. കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് തകരാറിലായിട്ട് നാളേറെയായി.

തെരുവുവിളക്കുകളൊന്നും കത്താറേയില്ല. ഇതോടെ മാർക്കറ്റും ജങ്‌ഷനും ഇരുട്ടുമാത്രം. വ്യാപാരികളുടെ പ്രതിഷേധം കടുത്തപ്പോൾ വെള്ളിയാഴ്ച രാത്രിയോടെ ഹൈമാസ്റ്റ് ലൈറ്റിന്റെ നാല് ലീഫുകളിൽ ഒന്ന് കത്തിച്ചു. മറ്റൊന്ന് മിന്നി മിന്നിയാണ് കത്തുന്നത്.

കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് വാഹന പരിശോധനയ്ക്ക് ജങ്‌ഷൻ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. വെട്ടമില്ലാത്തതിനാൽ ഇവരും പെട്ടു.

എം.പി. ഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് ജങ്‌ഷനിൽ സ്ഥാപിച്ചത്. തെരുവുവിളക്കും ഹൈമാസ്റ്റ് ലൈറ്റും പ്രവർത്തിപ്പിക്കേണ്ട ചുമതല പഞ്ചായത്തിനും ഇലക്ട്രിസിറ്റി വകുപ്പിനുമാണ്. പരാതി പറഞ്ഞ്‌ മടുത്തു