തിരുവല്ല : യാതൊരുസംഘർഷവും ഇല്ലാത്ത പ്രദേശത്ത് സി.പി.എം. നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയലക്ഷ്യം ഉണ്ടെന്ന് മന്ത്രി പി. രാജീവ്. കൊല്ലപ്പെട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപിന്റെ ചാത്തങ്കരിയിലെ വീട്ടിൽ സന്ദർശനം നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

ലക്ഷ്യം എന്തായിരുന്നെന്ന് നാട് തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. ആർ. സനൽകുമാർ, തിരുവല്ല ഏരിയാ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി. ആന്റണി, ഏരിയാ കമ്മിറ്റി അംഗം അഡ്വ. പ്രമോദ് ഇളമൺ തുടങ്ങിയവരും രാജീവിനോടൊപ്പം ഉണ്ടായിരുന്നു.

കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജയും സന്ദീപിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു

തിരുവല്ല : സന്ദീപ് വധക്കേസിലെ പ്രതികളുടെ ചോദ്യം ചെയ്യലും സാക്ഷികളുടെ മൊഴിയെടുപ്പും തുടരുന്നു. ഒന്നാംപ്രതി ജിഷ്ണു, രണ്ടാം പ്രതി പ്രമോദ്, മൂന്നാം പ്രതി നന്ദു, അഞ്ചാം പ്രതി വിഷ്ണു എന്നിവരെ പുളിക്കീഴ് പോലീസ് സ്‌റ്റേഷനിലാണ് ചോദ്യം ചെയ്യുന്നത്.

നാലാം പ്രതി മൻസൂറിനെ കാസർകോട്ട് വിലാസവും മറ്റും സ്ഥിരീകരിക്കാനായി കൊണ്ടുപോയിരിക്കുകയാണ്. വ്യക്തിവിരോധം മാത്രമാണ് കൊലയ്ക്കു പിന്നിലെന്ന നിലപാടാണ് പ്രതികൾ ചോദ്യംചെയ്യലിൽ ആവർത്തിക്കുന്നത്.

യുവമോർച്ചയിൽ പ്രവർത്തിച്ച കാലം മുതൽ സന്ദീപിനോട് വിരോധം ഉള്ളതായി ജിഷ്ണു പറയുന്നുണ്ട്. ഇത് ആദർശപരമായ വിയോജിപ്പ് അല്ലായിരുന്നെന്നും ചിലകേസുകളുമായി ബന്ധപ്പെട്ടതാണെന്നുമാണ് ഒന്നാംപ്രതി പറയുന്നത്.

അഞ്ച് സാക്ഷികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. സന്ദീപിനെ ആക്രമിക്കുന്നതിന് മുമ്പ് പ്രതികൾ ഏതോ കേന്ദ്രത്തിൽ ഒന്നിച്ചുകൂടിയതായി പോലീസിന് വിവരമുണ്ട്. മൻസൂറിനാണ് ഈ സ്ഥലം അറിയുകയെന്നാണ് മറ്റ് പ്രതികൾ പറഞ്ഞിരിക്കുന്നത്. മൻസൂറിനെ കാസർകോട്ടുനിന്നും കൊണ്ടുവന്നശേഷം ഈ കേന്ദ്രത്തിലും തെളിവെടുപ്പ് നടത്തിയേക്കും.