പഞ്ചായത്ത് മുന്നറിയിപ്പ് നൽകി
ഉപ്പുതറ : മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ പെരിയാർ തീരങ്ങളിൽ താമസിക്കുന്നവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. പെരിയാറിലെ നീരൊഴുക്ക് ഇപ്പോഴും ഉയർന്നു നിൽക്കുകയാണ്.
ഈ സമയം മുല്ലപ്പെരിയാർ സ്പിൽവേയിലൂടെ പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടാൽ അപകടമാകും. 2018-ൽ മുന്നറിയിപ്പില്ലാതെ തമിഴ്നാട് വെള്ളം തുറന്നുവിട്ട അനുഭവം അധികൃതർക്കു മുന്നിലുണ്ട്.
അണക്കെട്ടിൽ ക്രമാതീതമായി വെള്ളം ഉയർന്നതോടെ വെള്ളിയാഴ്ച രാത്രിയിൽ റവന്യൂ, പോലീസ് ഉദ്യോഗസ്ഥർ പെരിയാർ തീരങ്ങളിൽ മുന്നറിയിപ്പുമായി എത്തിയിരുന്നു.
വിവരം അറിഞ്ഞതോടെ നിരവധി പേർ പ്രായമായവരേയും, വികലാംഗരേയും ഉൾപ്പെടെ ബന്ധുവീട്ടിലേക്കും മറ്റും മാറ്റുകയും ചെയ്തു. മഴയ്ക്ക് ചെറിയ ശമനം ഉണ്ടെങ്കിലും മുൻകരുതൽ നടപടിയുടെ ഭാഗമായി അയ്യപ്പൻകോവിൽ പഞ്ചായത്ത് അധികൃതർ ശനിയാഴ്‌ച ഉച്ചഭാഷിണിയിലൂടെ അറിയിപ്പുനൽകി.
ആവശ്യമായി വന്നാൽ ദുരിതാശ്വാസക്യാമ്പുകളും റവന്യൂവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പെരിയാറിൽ വെള്ളം ഉയർന്നാലുള്ള ആശങ്കയ്ക്കൊപ്പം റോഡുകളിലെ വഴിവിളക്കുകൾ തെളിയാത്തതിലും എസ്റ്റേറ്റുകളിലെ ഗേറ്റുകൾ തുറന്നിടാത്തതിലും ആശങ്കയുണ്ട്.