പത്തനംതിട്ട : നാമനിർദേശപത്രികാ സമർപ്പണം അവസാനിക്കാൻ പന്ത്രണ്ട് ദിവസം മാത്രം ശേഷിക്കുന്നതിനാൽ സീറ്റ് വിഭജന ചർച്ചകൾക്ക് വേഗം കൂട്ടി മുന്നണികൾ. എൽ.ഡി.എഫ്. ക്യാന്പിൽ ചർച്ചകൾ അന്തിമഘട്ടത്തിലെത്തി. പഞ്ചായത്ത്-നഗരസഭാ തലങ്ങളിലെ സീറ്റ് നിർണയമാണ് പുരോഗമിക്കുന്നത്. നാല് നഗരസഭകളിലെയും സ്ഥാനാർഥി പ്രഖ്യാപനവും ഉടനുണ്ടായേക്കും.

ജില്ലാ പഞ്ചായത്തിൽ 10 സീറ്റിൽ സി.പി.എം. മത്സരിക്കുമെന്നാണ് സൂചന. മൂന്നിടത്ത് സി.പി.ഐ.യും ഒരു ഡിവിഷനിൽ ജനതാദളും മത്സരിക്കും. രണ്ടു സീറ്റുകൾ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് കൈമാറിയേക്കാം. എൻ.സി.പി.യുടെ ഒരു സീറ്റാണ് അധികമായി ജോസ് വിഭാഗത്തിന് നൽകാൻ ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. പതിനൊന്ന് ഘടകകക്ഷികൾ ചേർന്ന മുന്നണിയായതിനാൽ എൽ.ഡി.എഫിൽ വിട്ടുവീഴ്ചയ്ക്ക് കക്ഷികളെല്ലാം തയ്യാറാകേണ്ടിവരും. എൽ.ഡി.എഫ്. കൺവീനർ അലക്സ് കണ്ണമലയ്ക്കൊപ്പം സി.പി.എം.-സി.പി.ഐ. ജില്ലാ നേതൃത്വങ്ങൾ ചർച്ചയ്ക്ക് മേൽനോട്ടം നൽകുന്നുണ്ട്.

യു.ഡി.എഫിൽ ജില്ലാതല ചർച്ചകൾക്ക് തിങ്കളാഴ്ചയ്ക്ക് ശേഷം വേഗമേറും. മുന്നണിയുടെ സംസ്ഥാന നേതാക്കൾ ഈ ദിനമെത്തിച്ചേരും. ജോസഫ് വിഭാഗം ഉൾപ്പെടെയുള്ള ജില്ലയിലെ ഘടകകക്ഷി നേതൃത്വങ്ങളുമായി ചർച്ച നടക്കും. സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും ഇനിയും നീട്ടിക്കൊണ്ടുപോകാൻ മുന്നണി നേതൃത്വവും ആഗ്രഹിക്കുന്നില്ല.

എൻ.ഡി.എ. സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഒരു മുഴം മുേന്പ മുന്നേറാനൊരുങ്ങി എൻ.ഡി.എ.യും ബി.ജെ.പി.യും. നഗരസഭകളിലെയും പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലെയും സ്ഥാനാർഥികളെ ഞായറാഴ്ച പ്രഖ്യാപിക്കും. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയാണ് ഉച്ചയോടെ പ്രഖ്യാപനം നടത്തുന്നത്. പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഞായറാഴ്ച ജില്ലയിലെത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് അവലോകനവും ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലുണ്ടാകും.

മുന്നണി ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് ജില്ലാ പഞ്ചായത്തിലെ നാല് ഡിവിഷനുകളിലാണ് പ്രാതിനിധ്യം നൽകിയിട്ടുള്ളത്. ബി.ജെ.പി. ജില്ലാ പ്രസിഡന്റും നിലവിൽ കുളനട പഞ്ചായത്ത് പ്രസിഡന്റുമായ അശോകൻ കുളനട ഇക്കുറി ജില്ലാ പഞ്ചായത്തിൽ ജനവിധി തേടും. കുളനട ഡിവിഷനിലാണ് മത്സരിക്കാൻ സാധ്യത. മെഴുവേലി, ആറൻമുള, കുളനട പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഈ ഡിവിഷൻ.