കോന്നി: തിരഞ്ഞെടുപ്പിന്റെ ആവേശം നിലനിർത്താൻ മുമ്പ് കൊടിനാട്ടലും പ്രകടനവും ഒഴിച്ചുകൂടാൻ പറ്റാത്തവയായിരുന്നു. പ്രകടനക്കാർവിളിക്കുന്ന മുദ്രാവാക്യങ്ങളിൽ പലതും വർഷങ്ങൾ കഴിഞ്ഞാലും കാതിൽനിന്നു മായാതെ കിടക്കും. വോട്ടർമാരിൽ ആവേശം നിലനിർത്താനും മുദ്രാവാക്യങ്ങൾക്ക് ശക്തിയുണ്ടായിരുന്നു. പ്രചാരണരംഗത്തെ പരിഷ്‌കാരങ്ങൾ വോട്ടുപിടിത്തത്തിലും മാറ്റംവരുത്തി. സാമൂഹികമാധ്യമങ്ങളുടെ സ്വാധീനം തിരിച്ചറിഞ്ഞ് പ്രചാരണം ആ വഴിക്കുനീങ്ങി.

മുളയും തെങ്ങും കമുകും പനയും നാട്ടിയുള്ള കൊടിപാറിക്കൽ ഇപ്പോൾ കാണാനില്ല. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ഇത്തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആദ്യാനുഭവമാണ്. മാസ്‌കും െെകയുറയും ഉപേയാഗിക്കുന്ന സ്ഥാനാർഥികളും സാമൂഹിക അകലം പാലിക്കുന്ന പ്രവർത്തകരും വോട്ടർന്മാരും ചേർന്നതാണ് ഇത്തവണത്തെ വോട്ടിങ് രീതി. കൈപിടിച്ചുകുലുക്കലും കെട്ടിപ്പിടിത്തവും പ്രവർത്തകരുടെ ശക്തിപ്രകടനവും ഒഴിവാക്കിയുള്ള തിരഞ്ഞെടുപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ പഴയകാല തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചിരുന്ന മുദ്രാവാക്യങ്ങൾ ഇപ്പോഴും ഓർക്കുന്ന പലരുമുണ്ട്.

ഐരവൺ ഇടത്തിട്ടയിൽ അശോകൻ, ഓമല്ലൂർ തോട്ടത്തിൽ ടി.പി. ഹരിദാസ്, കോന്നിതാഴം പള്ളിപ്പറമ്പിൽ പി.ജി.രവീന്ദ്രനാഥ്, മുൻ കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഗോപിനാഥപിള്ള എന്നിവരുടെ ശേഖരങ്ങളിൽ പഴയ ഹിറ്റ് മുദ്രാവാക്യങ്ങളുണ്ട്. അവയിൽ ചിലത് ചുവടെ:

*** *** ***

പുന്നപ്രയിൽ വയലാറിൽ

കയ്യൂരിൽ, കരിവള്ളൂരിൽ

രക്തംചീന്തി മരിച്ചപ്പോൾ

ഈങ്ക്വിലാബ് വിളിച്ചവരെ

ഞങ്ങൾ വരുന്നു... ഞങ്ങൾ വരുന്നു...

നിങ്ങളുടെ പാദം പിന്തുടരാൻ...

രക്തക്കൊടിയുടെ തണലിൽ

വിടരും വർഗ വികാരം സിന്ദാബാദ്....

*** *** ***

അമ്മേ ഞങ്ങൾ പോകുന്നു

പിന്നിൽനിന്നും വിളിക്കരുതേ

വന്നില്ലെങ്കിൽ കരയരുതേ....

*** *** ***

ഞങ്ങളുടെ പോലീസ് ഞങ്ങളെ തല്ലിയാൽ

നിങ്ങൾക്കെന്താ കോൺഗ്രസ്സേ....?

*** *** ***

തെക്കു തെക്കൊരു ദേശത്ത്

തിരമാലയുടെ തീരത്ത്

ഫ്‌ളോറിയെന്നൊരു ഗർഭിണിയെ

ചുട്ടുകരിച്ചൊരു സർക്കാരേ...

ഈ ദീപമാണേ കട്ടായം

പകരം ഞങ്ങൾ ചോദിക്കും......

.*** *** ***

അരി ചോദിച്ചാൽ കേന്ദ്രം

തുണി ചോദിച്ചാൽ കേന്ദ്രം

ഇ.എം.എസിനു പണിയെന്താ..

അരിവാൾ ഭരണം വന്നപ്പോൾ

അരിവില പതിനാറായാല്ലോ....!