ആയിരത്തിലധികം മരങ്ങൾ കടപുഴകി

കലഞ്ഞൂർ : ശക്തമായ മഴയ്ക്ക് ഒപ്പം വ്യാഴാഴ്ച വൈകീട്ട് 10 മിനിറ്റ്‌ വീശിയടിച്ച കാറ്റ് കലഞ്ഞൂർ, കൂടൽ മേഖലകളിലായി 60 വീടുകൾ തകർത്തു. വലിയ മരങ്ങൾ കടപുഴകിവീണാണ് മിക്ക വീടുകളും തകർന്നത്. നിർമാണത്തിലിരിക്കുന്ന വനം വകുപ്പിന്റെ ജില്ലാ നഴ്സറിക്കായി നിർമിക്കുന്ന മഴമറകളും വാട്ടർ ടാങ്കും തകർന്നു.

സംസ്ഥാന ഫാമിങ്‌ കോർപ്പറേഷൻ ഡിപ്പോ ജങ്‌ഷനിൽ ആരംഭിച്ച നഴ്സറിയുടെ മഴമറയും കാറ്റിൽ തകർന്നു വീണു. കലഞ്ഞൂർ ഗവ. എൽ.പി.സ്കൂളിന്റെ രണ്ടാം നിലയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ മുഴുവൻ കാറ്റിൽ പറന്നുപോയി. ക്ലാസ് മുറികളിലെ സീലിങ്‌ ഉൾപ്പെടെ തകർന്നുവീണ് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. കലഞ്ഞൂർ, കൂടൽ മേഖലകളിലെ ഉപറോഡുകളിൽ എല്ലാം വലിയ മരങ്ങൾ വീണ് ഗതാഗത തടസ്സവും ഉണ്ടായിട്ടുണ്ട്.

റവന്യൂ വകുപ്പിന്റെ കണക്കുകൾപ്രകാരം കലഞ്ഞൂർ വില്ലേജിലും കൂടൽ വില്ലേജ് പരിധിയിലും 30 വീടുകൾ വീതമാണ് വ്യാഴാഴ്ചത്തെ കാറ്റിൽ തകർന്നത്. ആയിരത്തിലധികം മരങ്ങളും കടപുഴകിവീണു. കോന്നി, അടൂർ, പത്തനാപുരം പ്രദേശങ്ങളിൽനിന്നുള്ള അഗ്‌നിരക്ഷാസേനാസംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.