ഇരവിപേരൂർ : കോവിഡ് രോഗതീവ്രത കണക്കിലെടുത്ത് ഇരവിപേരൂർ, കവിയൂർ പഞ്ചായത്തുകൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. കോഴിമല ഐ.ജി.ഒ. കാമ്പസിൽ 100 കിടക്കകളോടെ സി.എഫ്.എൽ.ടി.സി. സജ്ജീകരിച്ചു. ആവശ്യമായി വരുന്നപക്ഷം ഇരവിപേരൂർ കോട്ടക്കാട്ട് ആശുപത്രിയിലും സി.എഫ്.എൽ.ടി.സി. തുറക്കും.

വീട്ടിൽ കഴിയാൻ സൗകര്യമില്ലാത്ത കോവിഡ് ബാധിതരായ 50 പേർക്ക് കഴിയാവുന്ന ഡൊമിസിലിയറി കെയർ ഫെസിലിറ്റിയും തുടങ്ങി. ജില്ലാ അധികാരികൾ നൽകിയ കഴിഞ്ഞ ഒരാഴ്ചയിലെ കണക്കുപ്രകാരം ഇരവിപേരൂരിൽ 303 പേർ രോഗബാധിതരാണ്. കോവിഡ് കോൾ സെന്റർ സൗകര്യം കുടുംബാരോഗ്യകേന്ദ്രത്തിൽ ഏർപ്പെടുത്തി. കോവിഡ് രോഗികളെ കൊണ്ടുപോകാൻ രണ്ട് ആംബുലൻസുകൾ സജ്ജീകരിച്ചു. ഇതിലൊന്ന് പാലിയേറ്റീവ് കെയറിന്റേതാണ്. എൻ.എച്ച്.ആർ.എമ്മും ഒരെണ്ണം വിട്ടുനൽകി. പണം കൊടുത്ത് പോകാൻ കഴിയുന്ന രോഗികൾക്ക് ഓട്ടോകളും ക്രമീകരിച്ചിരിക്കുന്നു.

കഴിഞ്ഞ ദിവസം ഓതറ ആരോഗ്യകേന്ദ്രത്തിൽ 500 കോവിഡ് വാക്‌സിൻ ലഭിച്ചിരുന്നു. രണ്ടാം ഡോസിന്റെ മുൻഗണനപ്രകാരം വാർഡുകളിൽ പത്തുപേർക്കെന്ന കണക്കിൽ നൽകിവരുന്നു. പഞ്ചായത്തിന് പൊതുശ്മശാനമുണ്ട്. കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർക്ക് മരുന്ന്, ഭക്ഷണം മുതലായവയും എത്തിച്ചുനൽകുന്നു. കവിയൂർ പഞ്ചായത്തിന്റെ സി.എഫ്.എൽ.ടി.സി.കൾ തോട്ടഭാഗം, മനയ്ക്കച്ചിറ എന്നിവിടങ്ങളിലാണ് ഒരുക്കുന്നത്‌. പഞ്ചായത്ത് ഓഫീസിൽ കോവിഡ് ഹെൽപ്പ്‌ ഡെസ്‌കിന്റെ പ്രവർത്തനം തുടങ്ങി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയുമായി ബന്ധിപ്പിച്ച് ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തി. കവിയൂരിൽ രണ്ടാമത്തെ ഡോസ് കോവിഡ് വാക്‌സിനെടുക്കേണ്ടവരെ ആശാവർക്കർമാർ ഫോൺമുഖേന ബന്ധപ്പെട്ടാണ് വിതരണം നടത്തുന്നത്. നിലവിൽ 134 കോവിഡ് ബാധിതരാണ് ഇവിടെയുള്ളത്. പൊതുശ്മശാനമുള്ള പഞ്ചായത്താണ്.