പത്തനംതിട്ട : കാട്ടുപന്നി ആക്രമണത്തിൽനിന്ന് അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മകളും കുത്തേറ്റ് വീണു. പത്തനംതിട്ട നഗരത്തിനടുത്ത് പെരിങ്ങമലയിൽ വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ ഒറ്റുകല്ലിൽ ദേവകി(52), മകൾ രഞ്ജു(32) എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേവകിയുടെ കൈക്ക്‌ ഒടിവുണ്ട്. അസ്ഥികൾ പൊട്ടിമാറിയതിനാൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.

രഞ്ജുവിന്റെ ദേഹത്താകമാനം മുറിവേറ്റിട്ടുണ്ട്.

ദേവകി ആടിന് തീറ്റവെട്ടാനായി റോഡിലൂടെ നടന്നുപോകുന്നതിനിടെ പുറകിലൂടെയെത്തിയ പന്നി കുത്തിവിഴ്ത്തുകയായിരുന്നു. തേറ്റയിൽ ഉടക്കി താഴത്തെ പറമ്പിലേക്ക് എടുത്തെറിഞ്ഞു. നിലവിളി കേട്ടെത്തിയ രഞ്ജു അമ്മയെ വലിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ അവർക്കുനേരെയായി ആക്രമണം. കൈവെള്ളയിൽ തേറ്റ കുത്തിയിറക്കി. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും രക്ഷിച്ചത്.