അടൂർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ അടൂർ നഗരസഭയിൽ യോഗം ചേർന്നു. 28 വാർഡിലും ജാഗ്രതാസമിതികൾകൂടി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു. ഒപ്പം സി.എഫ്.എൽ.ടി.സി.യുടെ പ്രവർത്തനം ആരംഭിക്കാനും തീരുമാനമെടുത്തു. നിലവിലുള്ള സി.എഫ്.എൽ.ടി.സി. ഒഴിഞ്ഞ സാഹചര്യത്തിൽ പുതിയ സി.എഫ്.എൽ.ടി.സി. ആരംഭിക്കാൻ സ്ഥലം കണ്ടെത്താൻ നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി. അടൂർ ജനറൽ ആശുപത്രി വീണ്ടും കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ അവിടത്തെ ജീവനക്കാർക്ക് താമസിക്കാൻ അടൂർ ഐ.എച്ച്.ആർ.ഡി. കോളേജ് കെട്ടിടം എടുക്കും. ജീവനക്കാർക്ക് ലോക്ക്ഡൗൺ കാലയളവിൽ യാത്രചെയ്യാൻ എ.ടി.ഒയെ അറിയിക്കുന്ന മുറയ്ക്ക് കെ.എസ്.ആർ.ടി.സി. ബസുകൾ വിട്ടുകിട്ടാൻ ശുപാർശ ചെയ്യാനും തീരുമാനിച്ചു.

10 ആംബുലൻസുകൾകൂടി എടുക്കാനും തീരുമാനമായി. ഒരു ആംബുലൻസ് ജനറൽ ആശുപത്രിയിൽനിന്നും ഒൻപത് ആംബുലൻസ് വാടകയ്ക്ക് എടുക്കാനും തീരുമാനമായി.

നഗരസഭ ചെയർമാൻ ഡി.സജി, വൈസ് ചെയർപേഴ്സൺ ദിവ്യ റജി മുഹമ്മദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോണി പാണംതുണ്ടിൽ,സെക്രട്ടറി ദീപേഷ്,സൂപ്രണ്ട് ഷാജു, ഡോ. വിഷ്ണു,ആർ.എം.ഒ. സാനി എം.സോമൻ, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് എന്നിവർ പങ്കെടുത്തു.