കലഞ്ഞൂർ : കഴിഞ്ഞദിവസം വീശിയടിച്ച ശക്തമായ കാറ്റ് കവർന്നത് കമ്പകത്തുപച്ച തോട്ടാവള്ളിൽ ഷീമോന്റെ ജീവിതോപാധികളായ മൂന്ന് പശുക്കളെയാണ്. ചൊവ്വാഴ്ച വൈകീട്ടുണ്ടായ കാറ്റിലാണ് മരംവീണ് മൂന്ന് പശുക്കൾ ചത്തത്. വീടിന് പുറത്ത് തീറ്റയ്ക്കായി കെട്ടിയിട്ടിരിക്കുകയായിരുന്നു. ടാക്‌സി ഡ്രൈവറായ ഷീമോനും കുടുംബവും വോട്ട് ചെയ്യാനായി കുളത്തുമൺ എൽ.പി.സ്‌കൂളിൽ പോയപ്പോഴാണ് ദുരന്തം.

കോവിഡ് പ്രതിസന്ധിയിൽ ഡ്രൈവിങ് പണി കുറഞ്ഞപ്പോൾ മകളുടെ സ്വർണം പണയംവെച്ചാണ് ഷീമോൻ പശുക്കളെ വാങ്ങിയത്. ഇതിന്റെ പലിശപോലും അടച്ചിട്ടുമില്ല. പശുക്കൾക്ക് ഇൻഷുറൻസുമില്ല. വനമേഖലയോട് ചേർന്ന പ്രദേശമായതിനാലാണ് പശുക്കളെ പുറത്ത് തീറ്റയ്ക്കായി അഴിച്ചുകെട്ടിയത്. വോട്ട് കഴിഞ്ഞ് എത്തിയപ്പോഴാണ് മരം വീണ് പശുക്കൾ ചത്തുകിടക്കുന്നത് കുടുംബം കണ്ടത്.