അടൂർ : കെ.എസ്.ആർ.ടി.സി. ജങ്ഷനിലെ ബേക്കറിയിൽനിന്ന്‌ ഭക്ഷണം കഴിച്ചിറങ്ങിയ യൂത്ത് കോൺഗ്രസ്-കെ.എസ്.യു. പ്രവർത്തകർക്ക് മർദനം. ഡി.വൈ.എഫ്.ഐ. പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് യൂത്ത്കോൺഗ്രസ് ആരോപിച്ചു. പരിക്കേറ്റ മൂന്ന് യൂത്ത് കോൺഗ്രസ്-കെ.എസ്.യു. പ്രവർത്തകരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമത്തെ തുടർന്ന് ടൗണിൽ ഏറെ നേരം സംഘർഷമുണ്ടായി. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്-കെ.എസ്.യു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ പിന്നീട് അടൂർ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ വിട്ടുകിട്ടണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്. അടൂർ നിയോജകമണ്ഡലം സ്ഥാനാർഥി എം.ജി.കണ്ണന്റെയും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിന്റെയും നേതൃത്വത്തിൽ രാത്രിയിൽ അടൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

സംഭവത്തിൽ ഉമ്മൻ ചാണ്ടി എം.ജി.കണ്ണനുമായി സംസാരിച്ചു. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടാമെന്ന് ഉറപ്പ്‌ നൽകി. രാത്രി പതിനൊന്നേമുക്കാലോടെ ഡി.സി.സി.പ്രസിഡന്റ്‌ ബാബു ജോർജ്‌ യു.ഡി.എഫ്‌. സ്ഥാനാർത്ഥി എം.ജി.കണ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പത്തനംതിട്ട എ.എസ്‌.പി. യുമായി നടത്തിയ ചർച്ചയെ തുടർന്ന്‌ സമരം അവസാനിപ്പിച്ചു. പ്രതികളെ ഉടൻ അറസ്റ്റുചെയ്യുമെന്ന്‌ എ.എസ്‌.പി. ഉറപ്പു നൽകി.