റാന്നി : അയിരൂർ കാഞ്ഞീറ്റുകര മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ ശതാബ്ദി ആഘോഷ ഉദ്ഘാടനം 10, 11 തീയതികളിൽ നടക്കും. ദേവാലയത്തിൽ പ്രഥമ ദിവ്യബലി അർപ്പിച്ച മിഖായേൽ മോർ ദിവന്നാസിയോസ് മെത്രാപ്പൊലീത്തയുടെ കബറിടം സ്ഥിതിചെയ്യുന്ന കോട്ടയം പാണംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽനിന്ന് ദീപശിഖാ പ്രയാണം 10-ന് രാവിലെ ഒമ്പതിന് ആരംഭിക്കും. ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പൊലീത്ത, തോമസ് മോർ അലക്സന്ത്രയോസ് മെത്രാപ്പൊലീത്ത എന്നിവർ ആശീർവദിച്ച് ദീപശിഖ കൈമാറും.

തിരുവല്ല, മഴുവങ്ങാട്, കാരക്കാട്, മാന്തളിർ, അടൂർ മിഖായേൽ മോർ ദിവന്നാസിയോസ് ദയറാ, തട്ട, തുമ്പമൺ, മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറ, ഓമല്ലൂർ എന്നീ ദേവാലയങ്ങൾ സന്ദർശിച്ച് വൈകീട്ട് 5.45-ന് ദേവാലയത്തിലെത്തും. തുടർന്ന് ശതാബ്ദി പതാക ഉയർത്തും. ആറിന് സന്ധ്യാനമസ്‌കാരം നടക്കും.

ഞായറാഴ്ച രാവിലെ ഏഴിന് പ്രഭാത പ്രാർഥനയും എട്ടിന് തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടക്കും. 10.30-ന് ശതാബ്ദി സമാപന സമ്മേളനം യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. വികാരി ഫാ.ടോം മാത്യു തൊടുവോപ്പുഴ അധ്യക്ഷത വഹിക്കും.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ജീവകാരുണ്യപ്രവർത്തനങ്ങൾ വികസനപ്രവർത്തനങ്ങൾ എന്നിവ നടപ്പാക്കുമെന്ന് ജനറൽ കൺവീനർ െജയിംസ് എബ്രഹാം അഴകനാകുഴിയിൽ അറിയിച്ചു.

പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൻ കീഴിൽ 1921-ൽ സ്ഥാപിതമായതാണ് ഈ ദേവാലയം.