കോന്നി : നിയോജകമണ്ഡലത്തിലെ വോട്ടിങ്‌ യന്ത്രങ്ങൾ എണ്ണൽ കേന്ദ്രമായ മലയാലപ്പുഴ മുസലിയാർ എൻജിനീയറിങ്‌ കേന്ദ്രത്തിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ ആറിന് തുടങ്ങിയ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായപ്പോൾ ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയായി. കോവിഡ് നിയന്ത്രണം കാരണം വോട്ടെണ്ണൽ ദിനം കൂടുതൽ മേശകൾ സജ്ജീകരിക്കാൻ സാധിക്കുമെന്നതിനാലാണ് കേന്ദ്രം ഇവിടേക്ക് ആക്കിയത്. എലിയറക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നുമാണ് തിരഞ്ഞെടുപ്പ് സാധനങ്ങൾ വിതരണം ചെയ്തത്. ഇവിടെത്തന്നെയാണ് വോട്ടിങ്ങിന് ശേഷം യന്ത്രങ്ങൾ തിരികെ ഏൽപ്പിച്ചതും. സീതത്തോട് പഞ്ചായത്തിലെ ഗവി പോളീങ്‌ സ്റ്റേഷനിലുള്ള സാധനങ്ങൾ ആണ് വൈകി എത്തിയത്. സൂഷ്മപരിശോധനയ്ക്ക് ശേഷം 293 വോട്ടിങ്‌ മെഷീനുകൾ വൻ പോലീസ് അകമ്പടിയോടെ മൂന്ന് കവചിത വാഹനങ്ങളിൽ മുസലിയാർ എൻജിന:യറിങ്‌ കോളേജിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ ഇവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പോലീസ് കാവലും ഏർപ്പെടുത്തി.