കുടിവെള്ള പൈപ്പുകൾ മാറ്റുന്നത് അനിശ്ചിതത്വത്തിൽ

കവിയൂർ : കുറ്റൂർ-മനയ്ക്കച്ചിറ-കിഴക്കൻ മുത്തൂർ റോഡിലെ അവസാനഘട്ട ടാറിങ് തുടങ്ങുമ്പോഴും കുടിവെള്ളപൈപ്പ്‌ മാറ്റുന്ന പണികൾ അനിശ്ചിതത്വത്തിൽ. കുറ്റൂരിൽനിന്ന് മനയ്ക്കച്ചിറവരെ നടത്തേണ്ട ടാറിങ് വ്യാഴാഴ്ച തുടങ്ങുകയാണ്. ആദ്യഘട്ട ടാറിങ് കഴിഞ്ഞിട്ട് ആറുമാസമായി. ഇത്രയും കാലമായിട്ടും വാട്ടർ അതോറിറ്റി പൈപ്പുകൾ മാറ്റിയിട്ടില്ല. നിരത്തിന്റെ ടാറിങ്ങും ഇതിനാൽ നീണ്ടുപോയി. കുറ്റൂരിൽനിന്ന് മനയ്ക്കച്ചിറ വഴി മുത്തൂരിനുള്ള ലിങ്ക് റോഡ് വികസിപ്പിക്കുന്ന പണികൾ തുടങ്ങിയിട്ട് രണ്ടുവർഷമായി.

നിരത്താകെ വീതികൂട്ടി മെറ്റലിട്ട് ടാറിങ് നടത്തിയിട്ടും പഴയ പൈപ്പുലൈൻ വഴിമധ്യേ കിടക്കുകയാണ്. 40 വർഷത്തോളം പഴക്കമുള്ള ലൈനാണ്. റോഡരികിലേക്ക് മാറ്റുന്നതിന് വാട്ടർ അതോറിറ്റി 1.95 കോടിയുടെ അടങ്കൽ സമർപ്പിച്ചിട്ട് വർഷം ഒന്നര കഴിഞ്ഞു. ഇതിന് അനുമതി നൽകി പണം കൈമാറുന്ന നടപടികൾ എങ്ങുമെത്തിയിട്ടില്ല. കുറ്റൂർ ഭാഗത്ത് നാല് എം.എം. ആസ്ബസ്‌റ്റോസ് പൈപ്പും ബാക്കിയിടത്ത് പി.വി.സി.യുമാണ്. കാലപ്പഴമുള്ള പൈപ്പുകൾ പലയിടത്തും പൊട്ടിയ അവസ്ഥയിലാണ്. പ്രാദേശികമായി നടത്തേണ്ട ജലവിതരണത്തെ ഇത് ബാധിക്കുന്നു. റോഡുപണി ഗാരന്റിയിലാണ്. അഞ്ചുവർഷത്തേക്ക് റോഡ് കുഴിക്കുന്നതിന് തടസ്സമുണ്ടാകും. ഈ പാതയിൽ മുത്തൂരിൽനിന്ന് കിഴക്കൻ മുത്തൂർവരെ വീതികൂട്ടന്ന പണികളും നടത്തിവരുന്നു. ഇതിനുവേണ്ടുന്ന വസ്തുക്കൾ സ്വമേധയ ഉടമകൾ വിട്ടുനൽകുന്നു. കിഫ്ബി മുഖേന 23 കോടിയോളം രൂപ മുടക്കിയാണ് പാതയുടെ പുനരുദ്ധരാണം.

ഗതാഗതം നിരോധിച്ചു

തിരുവല്ല : കുറ്റൂർ-മനയ്ക്കച്ചിറ-കിഴക്കൻ മുത്തൂർ റോഡിൽ ടാറിങ് നടക്കുന്നതിനാൽ എട്ടുമുതുൽ 20വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.