ഇലവുംതിട്ട : കുന്നിൽ മുകളിലെ കോളനി നിവാസികൾക്ക് സാങ്കേതിക പഠനം അപ്രാപ്യം. ഇല്ലായ്മകളുടെ നടുവിൽ കംപ്യൂട്ടർ പഠനത്തിന് ദളിത് വിദ്യാർഥികൾ അലയുന്നു. പട്ടികജാതി വികസന വകുപ്പിന്റെ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി പണികഴിപ്പിച്ച ഇരുനില കെട്ടിടത്തിനുള്ളിൽ കംപ്യൂട്ടറിന്റെ പൊടി പോലുമില്ല കണ്ടുപിടിയ്ക്കാൻ.

മെഴുവേലി വില്ലേജിൽ ഉൾപ്പെട്ട പുന്നക്കുന്ന്-ആൽത്തറപാട് കോളനി നിവാസികളാണ് സാങ്കേതിക പരിജ്ഞാനത്തിന്റെ പടികേറാൻ കേഴുന്നത്. പത്തനംതിട്ട ജില്ലയിലെ ആയിരത്തോളം വീടുകൾ ഉൾപ്പെടുന്ന ഒരു പ്രധാന കോളനിയാണ് പുന്നക്കുന്ന്- ആൽത്തറപാട് കോളനി.

ആൽത്തറപാട് ജങ്ഷനിലാണ് ഓപ്പൺ സ്റ്റേജും കംപ്യൂട്ടർ കേന്ദ്രവും ഉൾപ്പെടുന്ന ഇരുനില കെട്ടിടം നിർമിച്ചത്. മുൻ സർക്കാരിന്റെ കാലത്താണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. ലോക് ഡൗണിന് മുമ്പുവരെ താഴത്തെ നിലയിലുള്ള ഓപ്പൺ സ്റ്റേജിൽ നിരവധി സാംസ്കാരിക പരിപാടികൾ അരങ്ങേറിയിരുന്നു. എന്നാൽ, രണ്ടാംനിലയിൽ കംപ്യൂട്ടർ സെന്ററിനായി പണിത മുറി ശുദ്ധ ശൂന്യം.