കടപ്ര : രണ്ട് പതിറ്റാണ്ടായി നാട്ടുകാർ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാനാകാതെ അധികാരികൾ. തിരുവല്ല-മാവേലിക്കര റോഡിൽ കടപ്ര ജങ്ഷൻ മുതൽ ആലംതുരുത്തി പാലം വരെയുള്ള വെള്ളക്കെട്ടാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. സംസ്ഥാനപാതയിലെ 300 മീറ്ററിൽ ഓടകൾ തമ്മിൽ യോജിപ്പില്ലാത്തതാണ് വെള്ളം ഒഴുകിപ്പോകാത്തതിന് കാരണം. എസ്.എൻ. ആശുപത്രിക്ക് മുൻപിലും, തുളിശാല അമ്പലം മുതൽ എസ്.എൻ.ഡി.പി. മന്ദിരം വരെയുള്ള ഭാഗവും താണനിലയിലാണ്. ഈ ഭാഗത്തെ വെള്ളമാണ് ഒഴുകിപ്പോകാൻ മാർഗമില്ലാതെ കിടക്കുന്നത്.

ആശുപത്രി, ബാങ്ക്, കടകൾ എന്നിവിടങ്ങളിലേക്ക് എത്തുന്നവരാണ് ദുരിതം അനുഭവിക്കുന്നത്. വേഗത്തിൽ വരുന്ന വാഹനങ്ങൾ പലതും വെള്ളക്കെട്ട് ശ്രദ്ധിക്കാതെ ഓടിക്കുമ്പോൾ ചെളിവെള്ളം കടകളിലേക്കും, വഴിയാത്രക്കാരിലേക്കും തെറിപ്പിക്കുന്നതും നിത്യകാഴ്ചയാണ്. പി.ഡബ്ല്യു.ഡി. റോഡ് ഉന്നത നിലവാരത്തിൽ നിർമിക്കാനായി 11 വർഷം മുൻപാണ് കെഎസ്‌.ടി.പിക്ക് കൈമാറിയത്. കൊട്ടാരക്കര ഡിവിഷന്റെ കീഴിലാണിത്. റോഡിന്റെ ഉപരിതലം മാത്രമാണ് അന്ന് നിർമിച്ചത്. ഓവുചാലുകൾ ഉൾപ്പെടെയുള്ളവ അന്ന് നിർമിച്ചില്ല. 11 വർഷത്തിന് മുൻപ് വെള്ളം ഒഴുകിപ്പോകാൻ ചെറിയ പൈപ്പാണ് ഇട്ടിരുന്നത്. മണ്ണും മാലിന്യവും കയറി പൈപ്പ് അടഞ്ഞ് വെള്ളം ഒഴുകിപ്പോകാതിരുന്നതിനെ തുടർന്ന് പൈപ്പ് മാറ്റി ഓവുചാൽ നിർമിച്ച് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്കാണ് അവസാനിപ്പിച്ചത്. ഇവിടെ വെള്ളം ഒഴുകിയെത്തിയ ഭാഗത്ത് സ്വകാര്യ കെട്ടിടം വന്നതോടെ വെള്ളക്കെട്ടിന് ആരംഭം കുറിച്ചു. ആശുപത്രിക്ക് എതിർദിശയിൽ 15 മീറ്ററോളം ഓവുചാൽ ഉണ്ടായിരുന്നത് സ്ലാബില്ലാത്തതു കാരണം മണ്ണുമൂടി അടഞ്ഞു. എല്ലാ വർഷവും മണ്ണ് നീക്കി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. തുടർച്ചയായി പെയ്യുന്ന മഴയിൽ അത് വിജയിച്ചില്ല. വെള്ളം സമീപത്തുള്ള പ്രൈവറ്റ് റോഡിലൂടെ കണ്ടത്തിലേക്ക് ഒഴുകിയിരുന്നു. ഈ റോഡ് ഉയർത്തി ടാർ ചെയ്ത കാരണം അതും നിലച്ചു. സ്ലാബ് പൊട്ടി മാറിയതുമൂലം പലരും തെന്നിവീഴുകയും കാല് തെറ്റി വിടവിൽ വീണ സംഭവവും ഉണ്ടായിട്ടുണ്ട്. നാട്ടുകാർ പലയിടത്തും പരാതികൾ കൊടുത്തിട്ടും ഒന്നും നടന്നില്ല. അരമീറ്റർ റോഡ് ഉയർത്തി കോലറയാറിന്റെ ഭാഗത്തേക്ക് ഓവുചാൽ നിർമിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകും. കെ.എസ്.ടി.പി. കാലാവധി പൂർത്തിയായതോടെ റോഡ് പി.ഡബ്ല്യു.ഡി.ക്ക് കൈമാറി വർഷങ്ങൾ പിന്നിട്ടിട്ടും പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ല. ഇത് സംബന്ധിച്ച് നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചെങ്കിലും യാതൊരു നടപടിയും നാളിതുവരെ ഉദ്യോഗസ്ഥർ സ്വീകരിച്ചിട്ടില്ല.