പന്തളം : മാലിന്യം മെഡിക്കൽമിഷൻ കവലയുടെ ശാപമാണ്. ഓടയിൽ നിറഞ്ഞുകിടക്കുന്ന മലിനജലം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതാണ് പ്രധാന പ്രശ്നം. കുടശ്ശനാട് റോഡിൽനിന്നും എം.സി.റോഡിന്റെ ഇരുവശത്തുനിന്നും ഒഴുകിയെത്തുന്ന വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടന്നാണ് ദുർഗന്ധം ഉണ്ടാകുന്നത്. കൊതുകിന്റെ ശല്യവും വളരെ കൂടുതലാണ്.

അടൂർമുതൽ ചെങ്ങന്നൂർവരെയുള്ള എം.സി.റോഡിലെ സുരക്ഷാ ഇടനാഴിയുടെ പണിയുടെ ഭാഗമായി ഇവിടെയുള്ള കലുങ്ക് നന്നാക്കുന്ന ജോലിക്കായിട്ടെടുത്ത കുഴിയിലാണ് ഇപ്പോൾ മലിനജലം കെട്ടിനിൽക്കുന്നത്.

വ്യാപാരസ്ഥാപനങ്ങളിലുള്ളവരും തൊട്ടടുത്ത കാത്തിരിപ്പുപുരയിൽ ബസ് കാത്തുനിൽക്കുന്നവരും സമീപത്തുള്ള വില്ലേജോഫീസിലെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെയും ഉദ്യോഗസ്ഥരുമെല്ലാം ദുർഗന്ധം കാരണം ബുദ്ധിമുട്ടുകയാണ്.

എപ്പോഴും വാഹനങ്ങൾ കടന്നുപോകുന്ന ഭാഗമായതിനാൽ കുഴി അപകടത്തിനും കാരണമാകും.