പന്തളം: പന്തളം കൊട്ടാരത്തിലേക്ക് ക്ഷണിക്കുമ്പോൾ, തീർച്ചയായും എത്തുമെന്നും പന്തളം കൊട്ടാരവും കുടുംബാംഗങ്ങളെയും കാണാൻ വളരെനാളായി ആഗ്രഹിക്കുന്നുവെന്നുമാണ് മാർത്തോമ്മാ വലിയമെത്രാപ്പൊലീത്ത ക്ഷണിതാക്കളോട് അറിയിച്ചത്. എന്നാൽ, പോകാനുള്ള തയ്യാറെടുപ്പ് കഴിഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യം കാരണം വരവ് ഉപേക്ഷിക്കുകയായിരുന്നു. പ്രതീക്ഷയോടെ വലിയ ഇടയനെ കാത്തിരുന്ന ക്ഷത്രിയ ക്ഷേമസഭാ ഭാരവാഹികളും കൊട്ടാരം ഭാരവാഹികളും അദ്ദേഹത്തെ താമസസ്ഥലെത്തുചെന്ന് പൊന്നാടയണിയിച്ച് ആദരിച്ച് മടങ്ങുകയും ചെയ്തു.

ക്ഷത്രിയ ക്ഷേമസഭ പുറത്തിറക്കിയ ശബരിമലയുടെ വിവരങ്ങൾ അറിയാൻ കഴിയുന്ന കോഡ് രേഖപ്പെടുത്തിയ ഇ-ഇരുമുടിയുടെ ഉദ്ഘാടനത്തിനായിരുന്നു വലിയ മെത്രാപ്പൊലീത്ത പന്തളം കൊട്ടാരത്തിലെത്താമെന്ന് അറിയിച്ചിരുന്നത്. തലേദിവസം വിളിച്ചപ്പോൾവരെ സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചിരുന്ന അദ്ദേഹത്തിന് പുറപ്പെടുന്നതിന് കുറച്ചുസമയം മുമ്പുമാത്രമാണ് യാത്ര ഉപേക്ഷിക്കേണ്ടിവന്നതെന്ന് ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന ജനറൽ സെക്രട്ടറി ആത്മജ വർമ പറഞ്ഞു. പന്തളത്ത് ബാക്കി ചടങ്ങുകൾ നടത്തിയശേഷം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ, ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന ജനറൽ സെക്രട്ടറി ആത്മജ വർമ, യൂണിറ്റ് പ്രസിഡന്റ് രാഘവ വർമ എന്നിവർ താമസസ്ഥലെത്തെത്തി അദ്ദേഹത്തെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുകയായിരുന്നു.

അമ്മയ്ക്കുവേണ്ടി പുലിപ്പാൽ തേടിപ്പോയ അയ്യപ്പൻ വലിയ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ കഥകളി കാണാനും അദ്ദേഹം എത്തിയിട്ടുണ്ട്.