തിരുവല്ല: നഗരവീഥികളിൽ ലോട്ടറി വിറ്റുനടന്ന നാടോടി ബാലനെ പിന്നീട് തിരുവല്ല കണ്ടത് ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ ഒപ്പമാണ്. അവന് ആദ്യം സൈക്കിൾ വാങ്ങി നൽകി, പഠിപ്പിച്ചു, വീടുവെച്ചുകൊടുത്തു, വൈദ്യുതി എത്തിച്ചു, വിവാഹവും കഴിപ്പിച്ചു. തെലങ്കാനയിൽനിന്ന് എന്നോ അമ്മയ്‌ക്കൊപ്പം തിരുവല്ലയിലെത്തിയതാണ് സുബ്രഹ്മണ്യൻ.

ക്രിസോസ്റ്റം കാണുമ്പോൾ അവന് പ്രായം 11. വൈ.എം.സി.എ.യിൽനടന്ന ക്രിസ്മസ് സംഗമത്തിലായിരുന്നു കണ്ടുമുട്ടൽ. നാടോടികൾക്കായാണ് ക്രിസോസ്റ്റം അന്ന് വിരുന്ന് സംഘടിപ്പിച്ചത്.

നാടോടികൾ പറയുന്ന തമിഴും തെലുങ്കും ക്രിസോസ്റ്റത്തിന് വഴങ്ങുന്നില്ല. സുബ്രഹ്മണ്യൻ ദ്വിഭാഷിയായി രംഗത്തെത്തി. വിരുന്നിന് പിറ്റേന്ന് അവനെത്തേടി ക്രിസോസ്റ്റത്തിന്റെ അന്വേഷണമെത്തി. അരമനയിലെത്തിയപ്പോൾ ഫലം ഉറപ്പുള്ള ലോട്ടറി ടിക്കറ്റ് നൽകാൻ ക്രിസോസ്റ്റത്തിന്റെ ആവശ്യം. മെത്രാപ്പൊലീത്തയുടെ നർമമറിയാത്ത സുബ്രഹ്മണ്യന് അമ്പരപ്പ്. ഒടുവിൽ അവന് സൈക്കിൾ വാങ്ങിനൽകിയാണ് തിരിച്ചയച്ചത്. ആ ബന്ധം അവിടെ വളരുകയായിരുന്നു. അടിസ്ഥാന വിദ്യാഭ്യാസത്തിന് വികാസ് സ്‌കൂളിൽചേർത്ത് മലയാളം പഠിപ്പിച്ചു. തെരുവിൽ ഉറങ്ങുന്ന അമ്മയ്ക്കും മകനും സ്ഥലം കണ്ടെത്തി വീടുംവെച്ചുനൽകി. 2016-ൽ വിവാഹവും കഴിപ്പിച്ചു.

കോവിഡ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സുബ്രഹ്മണ്യൻ അവസാനമായി ക്രിസോസ്റ്റത്തെ കണ്ടത്. തിരുവല്ലയിൽ ഇപ്പോഴും കുടുംബവുമായി സുബ്രഹ്മണ്യനുണ്ട്. നർമത്തിന്റെ പേരിൽ തിരുമേനിക്ക് പ്രചാരമുണ്ടാകുമ്പോഴും മറുഭാഗത്ത് ഇതുപോലുള്ള കരുതൽ ഉണ്ടായിരുന്നു. അൽമായർക്കും അഗതികൾക്കും അടുപ്പക്കാർക്കും ഒരുപോലെ തണലായിരുന്നു. സഭാധ്യക്ഷനായിരിക്കുമ്പോൾ എസ്.സി.എസ്. സ്കൂൾ മുറ്റത്തേക്ക് കീശനിറയെ മിഠായിയുമായി വരുന്ന വലിയ തലപ്പാവുകാരനെ കുട്ടികൾ തിരുമേനി അപ്പച്ചാ എന്നുവിളിച്ചു. വസ്ത്രത്തുമ്പിൽ പിടിച്ചുകളിക്കുന്ന കുരുന്നുകൾക്കൊപ്പം ക്രിസോസ്റ്റവും കുട്ടിയായി മാറി.