മല്ലപ്പള്ളി: പ്രജാസ്നേഹത്തിന്റെ കാര്യത്തിൽ എല്ലാ ഭരണാധികാരികളും മഹാബലിയായെങ്കിൽ എന്ന് മനസ്സ് തുറന്ന് ആഗ്രഹിച്ചത് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത. 2008 സെപ്റ്റംബർ 14 ഞായറാഴ്ച വൈകീട്ട് മല്ലപ്പള്ളി തിരുമാലിട മഹാദേവ ക്ഷേത്രത്തിൽ ഓണ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മാലോകരെല്ലാം ഒന്നായി കഴിഞ്ഞിരുന്ന ആ പഴയ നല്ലകാലം തിരിച്ച് വന്നേനെയെന്ന് അദ്ദേഹം മോഹിച്ചപ്പോൾ സ്മൃതിമധുരം എന്ന് പേരിട്ട പരിപാടി അർഥവത്തായി.

ഒരു പ്രത്യേക മതത്തിന്റെ ഉത്സവമല്ല ഓണം. പൂർവകാലത്തിന്റെ നല്ല സ്മരണകൾ ആധുനികതയിലേക്ക് പകർത്തുകയും അവയ്ക്ക് പുതുമയുടെ പരിവേഷം നൽകി നിലനിർത്തുകയും ചെയ്യുന്ന സാംസ്‌കാരിക സംഗമമാണ് ഓണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർവമനുഷ്യരുടേയും സമത്വമാണ് ലക്ഷ്യം.സന്തോഷവും സമൃദ്ധിയും പ്രദാനംചെയ്യുന്ന ഈ ആഘോഷം ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‍നങ്ങൾക്ക് ഒരു പരിഹാരമാണെന്ന് നിർദേശിക്കുകയും ചെയ്തു.

കുട്ടികളുമായി ഏറെനേരം നർമ്മഭാഷണത്തിലേർപ്പെട്ട വലിയ തിരുമേനി മത സൗഹാർദത്തിന്റെ കാര്യത്തിൽ മല്ലപ്പള്ളി ദേശത്തിന് മാതൃകയാണെന്നും പറഞ്ഞു. ആരോഗ്യപ്രവർത്തനരംഗത്തെ സേവനത്തിന് ഒരുപ്രാമണ്ണിൽ ഒ.എം.മത്തായിക്ക് പുരസ്കാരവും സമ്മാനിച്ചു. തിരുമാലിട ഹൈന്ദവസേവാസംഘം, മഹിളാ സമാജങ്ങൾ, ടൗൺ ഓട്ടോറിക്ഷ തൊഴിലാളി സംയുക്ത സമിതി തുടങ്ങിയവർ ഒന്നിച്ച്‌ ചടങ്ങ് ഉദ്‌ഘാടനം ചെയ്തത് അന്നത്തെ ജില്ലാ കളക്ടറായിരുന്ന പി.സി.സനൽകുമാറായിരുന്നു. സരസസംഭാഷണചതുരരായ ഇരുവരും സംഗമിച്ച ഓർമ ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നതായി അന്നത്തെ യോഗത്തിന്റെ കൺവീനർമാരായിരുന്ന രാജേഷ് ജി. നായരും മധു ചെമ്പുകുഴിയും സുശീലൻ നെല്ലിമൂട്ടിലും പറയുന്നു.