സീതത്തോട് : ഗുരുനാഥൻമണ്ണിലെ ജനവാസകേന്ദ്രത്തിൽ പുലിയിറങ്ങി നായയെ പിടികൂടി. ഒരുവീട്ടിൽനിന്ന് നായയെ പിടികൂടിയെങ്കിലും വീട്ടുകാർ ഉണർന്നെഴുന്നേറ്റ് ബഹളം കൂട്ടിയതിനാൽ നായയെ ഉപേക്ഷിച്ച് പുലി ഇരുളിൽ മറഞ്ഞു. ഗുരുതരമായി പരിക്കേറ്റ നായ ഇപ്പോൾ ചികിത്സയിലാണ്. ഈ മേഖലയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി പുലിയുടെ സാന്നിധ്യം ശക്തമാണെന്ന് പ്രദേശവാസികൾ പറയുന്നു. അതിനിടെ പുലിയിറങ്ങി നായയെ പിടികൂടിയ വിവരം ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും വനപാലകർ തിരിഞ്ഞു നോക്കിയില്ലെന്നും പരാതി ഉണ്ട്.

താഴശേരിൽ സുനിലിന്റെ നായയെയാണ് പുലി കൊന്നത്. വീടിന് സമീപത്ത് നിന്നാണ് നായയെ പിടിച്ചത്. ഇതിന് സമീപത്ത് താമസിക്കുന്ന വാലുപറമ്പിൽ സുരേഷിന്റെ നായയാണ് വീട്ടുകാരുടെ സമയോചിത ഇടപെടലിൽ പുലിയുടെ പിടിയിൽനിന്ന് രക്ഷപ്പെട്ടത്. രാത്രി മുറ്റത്തിറങ്ങിയ വാലുപറമ്പിൽ രാജു വീടിന് സമീപത്ത് എത്തിയ പുലിയുടെ മുമ്പിൽനിന്ന് രക്ഷപ്പെട്ട സംഭവവും ഉണ്ടായി.

കഴിഞ്ഞ കുറെ നാളുകളായി ഈ മേഖലയിൽ പുലിയുടെ ശല്യം രൂക്ഷമാണ്. കൂടുവെച്ച് പുലിയെ പിടികൂടണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും വനം വകുപ്പ് ഇക്കാര്യത്തിൽ കാര്യക്ഷമമായ നടപടി സ്വീകരിച്ചിട്ടില്ല. പുലിയുടെ സാന്നിധ്യം ശക്തമായിട്ടുള്ളത് നാട്ടുകാരെ ഭയപ്പാടിലാക്കിയിരിക്കുകയാണ്. സന്ധ്യകഴിഞ്ഞാൽ പിന്നെ പുറത്തിറങ്ങാൻ തന്നെ നാട്ടുകാർ ഭയപ്പെടുകയാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലാണിപ്പോൾ പുലി കടന്നുവന്നിട്ടുള്ളത്.