ആറന്മുള : ആലപ്പുഴ-പത്തനംതിട്ട ജില്ലയെ ബന്ധിപ്പിക്കുന്ന ആറാട്ടുപുഴ ഐക്കാട് പുതിയ പാലം സർവേയിലൊതുങ്ങിയിട്ട് പത്ത്മാസം. കഴിഞ്ഞ ഓഗസ്റ്റിൽ ഭരണാനുമതി ലഭിച്ച പാലം മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ നിർമാണം ആരംഭിച്ചിട്ടില്ല. 3.90 കോടി രൂപയുടെ ഭരണാനുമതി ചെങ്ങന്നൂർ, ആറന്മുള മണ്ഡലത്തിലെ ജനപ്രതിനിധികളുടെ ശ്രമഫലമായിട്ടാണ് കിട്ടിയത്.

14 മീറ്റർ വീതിയിൽ നടപ്പാതയോടുകൂടി പുതുക്കിപ്പണിയാനായിരുന്നു തീരുമാനം. ഇതിനായി രണ്ടിടത്തെയും ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ സർവേ നടപടികളും പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ തുടർന്നുള്ള ഒരു നടപടികളും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നോ ഇതുവരെ ഉണ്ടായിട്ടില്ല.

എതിരേ വന്നാൽ അപ്പുറത്ത് നിന്നോണം

ഒരു ബസിന് കഷ്ടിച്ചു പോകാനാകുന്ന വീതി മാത്രമാണ് പാലത്തിനുള്ളത്. ഇതുകാരണം എതിരേ ഒരു വാഹനം വന്നാൽ അപ്പുറത്ത് കാത്തുനിൽക്കേണ്ട ഗതികേടാണ് യാത്രക്കാർക്കുള്ളത്. പാലത്തിന്റെ അവസ്ഥനോക്കിയിൽ കാലപ്പഴക്കം കൊണ്ട് വശങ്ങളെല്ലാം ദ്രവിച്ചിരിക്കുകയാണ്. പാലത്തിന്റെ ഒരറ്റം പത്തനംതിട്ടയിലും മറ്റെ അറ്റം ആലപ്പുഴയുമായതിനാൽ ആര് പുതുക്കിപ്പണിയുമെന്നുള്ള തർക്കം കാരണമാണ് പുതിയ പാലമെന്നത് ഇത്രയും നീണ്ടത്. പാലത്തിന്റെ വീതിക്കുറവ് കാരണം എതിരേ ചെറിയ കാർ വന്നാൽപോലും പാലത്തിലുടെ കാൽനടയാത്രികർക്ക് സഞ്ചരിക്കാനാകില്ല. മാത്രമല്ല വശങ്ങളിൽനിന്നുള്ള കാടും പാലത്തിലേക്ക് വളർന്നിട്ടുണ്ട്. പലപ്പോഴായി വാഹനങ്ങളിടിച്ച് തകർന്നുപോയ കൈവരിപോലും ശരിയാക്കിയിട്ടില്ല.