മല്ലപ്പള്ളി : പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ സാമ്പത്തികസഹായത്തോടെ പത്തനംതിട്ട ജില്ലാ കൃഷിവിജ്ഞാന കേന്ദ്രം നടപ്പാക്കുന്ന കാർഷികമേഖലാ വികസന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കോയിപ്രം പഞ്ചായത്ത് മൂന്നാം വാർഡിലെ 120 കുടുംബങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. തുടക്കത്തിൽ ഇത്രയും പേർക്കും ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി നടത്തുന്നതിന് സഹായം എത്തിക്കും. ആയതിന് പോട്ടിങ് മിശ്രിതം നിറച്ച ഗ്രോബാഗുകളും അതിൽ നടുന്നതിന് പയർ, വെണ്ട, വെള്ളരി എന്നിവയുടെ വിത്തുകളും മുളക്, വഴുതന, തക്കാളി എന്നിവയുടെ തൈകളും നൽകും. ഇവയുടെ പരിചരണത്തിനായി ഹാൻഡ് സ്‌പ്രേയർ, കൈത്തൂമ്പാ, മണ്ണിര കമ്പോസ്റ്റ്, പച്ചക്കറിക്കുള്ള സൂക്ഷ്മമൂലക വളക്കൂട്ടായ വെജിറ്റബിൾ മാജിക്, ജൈവകീടനാശിനിയായ ശ്രേയ തുടങ്ങിയവയും എത്തിച്ചുനൽകും. ആവശ്യമായ പരിശീലനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ ജോയിന്റ് ലയബലിറ്റി ഗ്രൂപ്പുകൾ രൂപവത്‌കരിച്ച് അവർക്ക് കുറ്റിക്കുരുമുളകുതൈകൾ ഉത്പാദിപ്പിക്കുന്നതിനുള്ള 150 മാതൃസസ്യം നൽകും. ഇവർ തയ്യാറാക്കുന്ന തൈകൾ കൃഷിവിജ്ഞാന കേന്ദ്രം തിരികെ വാങ്ങി വിപണനസൗകര്യം ഒരുക്കും. മൂന്നാംഘട്ടത്തിൽ പ്രസ്തുത വാർഡിൽ ലഭ്യമായ പൊതുസ്ഥലങ്ങളിൽ ഗുണമേന്മയുള്ള ഫലങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ഫലവൃക്ഷത്തൈകൾ നട്ട് പരിപാലിക്കും. പത്തനംതിട്ട ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോൺ മാത്യു പദ്ധതി ഉദ്‌ഘാടനം ചെയ്തു. കാർഡ് ഡയറക്ടർ റവ. ഏബ്രഹാം പി.വർക്കി അദ്ധ്യക്ഷത വഹിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി.ആശ കാർഷിക ഉത്പാദന ഉപാധികളുടെ വിതരണ ഉദ്‌ഘാടനം നിർവഹിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്ത് അംഗം ജോൺസൺ തോമസ് നടീൽവസ്തുക്കളുടെ വിതരണം നിർവഹിച്ചു. കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി.റോബർട്ട്, അഗ്രികൾച്ചർ എക്സ്റ്റൻഷൻ വിഭാഗം സബ്ജക്റ്റ് മാറ്റർ സ്‌പെഷ്യലിസ്റ്റ് ഡോ. സിന്ധു സദാനന്ദൻ, ഫാം മാനേജർ അമ്പിളി വറുഗീസ് എന്നിവർ പ്രസംഗിച്ചു.