കലഞ്ഞൂർ : പാടം ഇരുട്ടുതറ ഗ്രാമത്തിൽ ചെന്ന് ജില്ലയേത് എന്ന ചോദ്യം ചോദിച്ചാൽ ആദ്യം അവിടത്തുകാർ ഒന്ന് ആലോചിക്കും. പിന്നീടുള്ള ഉത്തരമാണ് ഏറെ രസകരം. കൊല്ലവും പത്തനംതിട്ടയും ഞങ്ങളുടെ ജില്ലതന്നെയെന്ന മറുപടിയാകും ഇവർക്ക് പറയാനുണ്ടാകുക. കൊല്ലം ജില്ലയിൽനിന്ന് 1982 നവംബർ ഒന്നിന് അടർത്തിമാറ്റി പത്തനംതിട്ട ജില്ല രൂപവത്‌കൃതമായപ്പോൾമുതൽ ഇവിടുള്ള അൻപതോളം വീട്ടുകാർ രണ്ട് ജില്ലയിലായി കഴിയുകയാണ്.

ഭൂനികുതി അവിടെ; വോട്ട് ഇവിടെ

പറയുമ്പോൾ ഇവർ കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിലാണ്. പക്ഷേ, ഭൂനികുതി അടയ്ക്കണമെങ്കിൽ കൊല്ലം ജില്ലയിലെ പത്തനാപുരം വില്ലേജിൽ പോകണം. വോട്ടുചെയ്യുന്നതും റേഷൻ കാർഡും മറ്റുരേഖകളും പത്തനംതിട്ട ജില്ലയിലേതുതന്നെ. കഴിഞ്ഞ 38 വർഷമായി ഈ ദുരിതം മാറ്റി തങ്ങളെ പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി നിരവധി പരാതികളും നിവേദനങ്ങളും ഇവർ നൽകിക്കഴിഞ്ഞു. മുൻകാലങ്ങളിൽ ഗ്രാമപ്പഞ്ചായത്തിൽനിന്ന് വീട്ടുനമ്പർ ഇടാൻ കൊല്ലം ജില്ലയിലെ പത്തനാപുരം, പിറവന്തൂർ ഗ്രാമപ്പഞ്ചായത്തുകളിൽനിന്നും പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽനിന്നും ഉദ്യോഗസ്ഥർ ഇവിടെ എത്താറുണ്ടായിരുന്നു. ഇപ്പോൾ കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിലാണ് ഇൗ പ്രദേശം എന്നാണ് പ്രദേശവാസികൾ പറയുന്നത്.

ദുരിതങ്ങൾ ഏറെ

വസ്തുവിന്റെ രേഖകളും ഔദ്യോഗിക തിരിച്ചറിയൽ രേഖകളും രണ്ട് ജില്ലയിലായതിനാൽ സർക്കാരിന്റെ ആനുകൂല്യങ്ങളെല്ലാം ഈ അമ്പതോളം വീട്ടുകാർക്ക് നിഷേധിക്കപ്പെടുകയാണ്. വനമേഖലയോടുചേർന്ന് കൃഷിചെയ്ത്‌ ജീവിക്കുന്നവരായതിനാൽ കാർഷികസഹായങ്ങളും ഭവനനിർമാണസഹായങ്ങളുമാണ് കൂടുതലായും ഇവർക്ക് നിഷേധിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പുകാലങ്ങളിൽ ഇവിടെ വോട്ടുതേടി വരുന്ന രാഷ്ട്രീയക്കാർ മുഖ്യമായും ഇവർക്കുമുമ്പിൽ നൽകുന്ന വാഗ്ദാനവും, ഈ പ്രശ്നത്തിൽനിന്ന് രക്ഷിക്കാം എന്നതാണ്. വാഗ്ദാനം നൽകി പോകുന്നവരാരുംതന്നെ പിന്നീട് ഈവഴി വരാറില്ലെന്നും പ്രദേശവാസികൾ പറയുന്നു. ഇരുട്ടുതറ, ഇരുട്ടുതറ കോളനി, പടയണിപ്പാറ മേഖലകളിലായാണ് ഇവർ കഴിയുന്നത്.