പത്തനംതിട്ട : 2016-നേക്കാൾ ഉയർന്ന ഭൂരിപക്ഷത്തോടെയാണ് ആറന്മുളയിൽ വീണാ ജോർജിന്റെ വിജയം. ശക്തരായ എതിർ സ്ഥാനാർഥികളും വന്നതോടെ കഴിഞ്ഞ തവണത്തേക്കാൾ വീറും വാശിയും നിറഞ്ഞതായിരുന്നു ആറന്മുളയിലെ പോരാട്ടം. എന്നിട്ടും മിക്ക പഞ്ചായത്തുകളിലും ലീഡ് നേടാൻ വീണയ്ക്കായി. ജില്ലയിലെ ഉയർന്ന ഭൂരിപക്ഷവുമായി നിയമസഭയിലേക്ക് പോകുമ്പോൾ നിയുക്ത എം.എൽ.എ. മനസ്സ്‌ തുറക്കുന്നു.

വിജയഘടകങ്ങൾ?

ജനങ്ങളോടൊപ്പം നിൽക്കാനും ജനകീയ വിഷയങ്ങളിൽ ഇടപെടാനും അവസരം ലഭിച്ചപ്പോഴെല്ലാം ആത്മാർഥമായി അവർക്കൊപ്പം നിന്നു. എല്ലാ ദുരന്ത കാലങ്ങളിലും ജനങ്ങളുടെ കഷ്ടതകളിലും ആവശ്യങ്ങളിലും അവരോടൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചു. ഇതിനു ലഭിച്ച പ്രതിഫലമാണ് തുടർച്ചയായുള്ള ഈ രണ്ടാം വിജയം. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെല്ലാം പ്രധാനപ്പെട്ട കാര്യമാണ്. ഇതും അനുകൂല ഘടകമായി. ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതും സർക്കാരിന്റെ നയങ്ങളുടെ ഭാഗമായിട്ടാണ്.

ഭൂരിപക്ഷം വർധിച്ചല്ലോ?

എല്ലാം ജനങ്ങൾ നൽകിയതാണ്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഉയർത്താനായത് എന്നിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിച്ചതുകൊണ്ടാണ്. കഴിഞ്ഞ അഞ്ചു വർഷവും ചെയ്ത പ്രവർത്തനങ്ങൾക്ക് ജനങ്ങൾ അംഗീകാരം നൽകി. സ്ത്രീകളുടെ വലിയ പിന്തുണയും ഇത്തവണ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതുമുതൽ അക്ഷീണം പ്രവർത്തിച്ച പ്രവർത്തകരുടെയും നേതാക്കളുടെയുമെല്ലാം പങ്ക് ഇക്കാര്യത്തിൽ വളരെ വലുതാണ്.

ഇനിയുള്ള പ്രവർത്തനം?

തുടങ്ങിവെച്ച കുറേ കാര്യങ്ങൾ പൂർത്തീകരിക്കാനുണ്ട്. കോഴഞ്ചേരി പാലം, അബാൻ മേൽപ്പാലം, പത്തനംതിട്ടയിലെ പൈപ്പ് ലൈൻ മാറ്റിയിടൽ തുടങ്ങിയവയെല്ലാം വേഗത്തിൽ പൂർത്തീകരിക്കണം. ഇത്തവണ എല്ലാ വീട്ടിലും കുടിവെള്ളം ഉറപ്പാക്കുന്നതിനായി പ്രത്യേക മിഷൻ നടപ്പിലാക്കുന്നുണ്ട്. ഇതിനായിരിക്കും ഇത്തവണ പ്രധാന പരിഗണന നൽകുക.

വേനൽക്കാലമായാൽ ജില്ലയിലെ പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.

വെള്ളത്തിനായി പെപ്പുകൾ ഉണ്ടെങ്കിലും ഭൂരിപക്ഷവും കാലഹരണപ്പെട്ടതാണ് അത് മാറ്റിയെടുക്കണം. കുടിവെള്ളക്ഷാമം രൂക്ഷമായുള്ള പത്തനംതിട്ട നഗരസഭയിലെ മുഴുവൻ കുടിവെള്ളപൈപ്പുകളും മാറ്റിയിടുകയാണ്.

മന്ത്രിസഭയിലേക്ക്?

ഇപ്പോൾ ഇക്കാര്യമൊന്നും ചർച്ചചെയ്യേണ്ട സമയമായിട്ടില്ല. ഇതെല്ലാം മാധ്യമങ്ങളിൽവന്ന വാർത്തകൾ മാത്രമാണ്.

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ആദ്യ പരിഗണന

അടൂർ : അടൂരിൽ ഹാട്രിക് ജയംനേടിയ ചിറ്റയം ഗോപകുമാർ പറയുന്നു, ഇനി ചെയ്യാനുള്ള കാര്യങ്ങളും വിജയത്തിലേക്ക് നയിച്ച കാര്യങ്ങളും.

വിജയഘടകം?

എൽ.ഡി.എഫ്. സർക്കാരിനോടുള്ള വിശ്വാസവും മണ്ഡലത്തിലെ വികസനവും പ്രധാന വിജയഘടകമായി. കഴിഞ്ഞ പത്തുവർഷം കൊണ്ട് ജനങ്ങൾ ആഗ്രഹിച്ച വികസനം നൽകാൻ സാധിച്ചു. ഇതുതന്നെയാണ് പ്രധാന വിജയഘടകം. റോഡുകൾ, സ്കൂൾ നവീകരണം, ആരോഗ്യമേഖലയിലെ വികസനം, കോടതി കെട്ടിടം, സ്മാർട്ട് വില്ലേജ് ഓഫീസുകൾ, അടൂർ ഇരട്ടപ്പാലം, ജർമൻ റോഡ്, ആനയടി-കൂടൽ റോഡ്, കൊടുമൺ സ്റ്റേഡിയം, പന്തളം, ഏനാത്ത് സബ് സ്റ്റേഷൻ തുടങ്ങി ഒട്ടേറെ വികസനം അടൂരിന് സാധ്യമാക്കി. എതിർമുന്നണികളുടെ കുപ്രചാരണം ജനം വിശ്വസിച്ചില്ല. എൽ.ഡി.എഫ്. നേതാക്കൻമാരും പ്രവർത്തകരും ഒത്തൊരുമയോടെ പ്രവർത്തിച്ചതും വിജയഘടകമായി.

ആദ്യ പരിഗണന?

മണ്ഡലത്തിൽ പ്രഥമ പരിഗണന നൽകുന്നത് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളാണ്. ഇതിനായി ഒട്ടനവധി പദ്ധതികൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടങ്ങിയിരുന്നു. ഇത് പൂർത്തിയാക്കണം. കൂടാതെ, ഒട്ടേറെ പുതിയ പദ്ധതികൾ ആരംഭിക്കാൻ ആലോചനയുണ്ട്.

വോട്ടർമാർ പറഞ്ഞത്?

കുടിവെള്ളക്ഷാമം തന്നെ. പരിഹരിക്കാനുള്ളതും ഇതുതന്നെ. അതിനാകും മുൻതൂക്കം നൽകുക.