റാന്നി : എൽ.ഡി.എഫിന്റെ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ഇക്കുറി റാന്നിയിൽ ജയിച്ചത് 1987-നുശേഷമുള്ള ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടി. 1,285 വോട്ടിനാണ് പ്രമോദ് നാരായൺ ജയിച്ചത്. വിജയിയുടെ ഭൂരിപക്ഷം 1,500-ൽ താഴുന്നതും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ്. കഴിഞ്ഞ അഞ്ചുതവണ റാന്നിയെ പ്രതിനിധീകരിച്ച രാജു ഏബ്രഹാമിന് 2006-ൽ ലഭിച്ച 14,971 ആണ് മണ്ഡലത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷം.

1987-ലാണ് കേരള കോൺഗ്രസിലെ ഈപ്പൻ വർഗീസ് റാന്നിയിൽ വിജയിച്ചത് 1,203 വോട്ടുകൾക്കായിരുന്നു. സി.പി.എമ്മിലെ ഇടിക്കുള മാപ്പിളയെ തോൽപ്പിച്ചത്. പിന്നീടിങ്ങോട്ട് കേരള കോൺഗ്രസിൽനിന്ന് ആരും മണ്ഡലത്തിൽ മത്സരിച്ചിട്ടില്ല.

1991-ൽ കോൺഗ്രസിലെ എം.സി. ചെറിയാൻ 2,239 വോട്ടിന്റെയും 1996-ൽ രാജു ഏബ്രഹാം 3,429 വോട്ടിന്റെയും ഭൂരിപക്ഷം നേടി. പിന്നീടിങ്ങോട്ട് ഒാരോതവണയും രാജു ഏബ്രഹാമിന്റെ ഭൂരിപക്ഷം കൂടിവരുകയായിരുന്നു.

സി.പി.എം. കുത്തകയായിരുന്ന റാന്നി മണ്ഡലം എൽ.ഡി.എഫ്. ഇക്കുറി കേരള കോൺഗ്രസിന് നൽകുകയായിരുന്നു. മൂന്നരപ്പതിറ്റാണ്ടിനിടയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ സി.പി.എമ്മിൽനിന്ന് അല്ലാതെ മറ്റൊരു ഘടകകക്ഷിയിൽനിന്ന് സ്ഥാനാർഥി വരുന്നതും ആദ്യമാണ്.

മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള നായർ സമുദായത്തിൽനിന്ന് ഒരാൾ ജനപ്രതിനിധിയാവുന്നതും ആദ്യമായാണ്.