പത്തനംതിട്ട : കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ഓക്‌സിജൻ വാർ റൂം ഒരുക്കുന്നു. ആരോഗ്യം, റവന്യൂ, പോലീസ്, മോട്ടോർ വെഹിക്കിൾ വകുപ്പുകളുടെ നേതൃത്വത്തിലായിരിക്കും വാർ റൂം പ്രവർത്തിക്കുക.

ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്തുക, ലഭ്യത കുറവുള്ള ആശുപത്രികളിൽ ആവശ്യമായ അളവിൽ കൃത്യസമയത്ത് സുരക്ഷിതമായി ഓക്‌സിജൻ എത്തിക്കുക എന്നതാണ് ഉദ്ദേശം. ഒാക്സിജൻ ലഭ്യതയുമായി ബന്ധുപ്പെട്ട പ്രതിസന്ധികൾ നേരിടാൻ വാർ റൂം സഹായിക്കുമെന്ന് കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനി, എ.ഡി.എം. ഇ.മുഹമ്മദ് സഫീർ തുടങ്ങിയവർ പങ്കെടുത്തു.

പി.എച്ച്.സി.കളിൽ കോവിഡ് വാക്സിൻ ഇല്ല

മല്ലപ്പള്ളി : ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ കോവിഡ് വാക്സിൻ വിതരണം നിലച്ചു. ആവശ്യത്തിന് വാക്സിൻ തികയാത്തതാണ് കാരണം. രജിസ്റ്റർ ചെയ്തവർ കാത്തിരിക്കുന്നു. ദിവസവും ആശുപത്രികളിൽ വന്ന് തിരക്കുന്നവരുമുണ്ട്. രണ്ടാം ഡോസിന്റെ തീയതി കഴിഞ്ഞുപോയതിന്റെ ആശങ്കയിലാണ് ചിലർ. കുറഞ്ഞത് 16000 ഡോസ് ദിവസവും കിട്ടിയാൽ മാത്രമേ എല്ലായിടത്തും നൽകാൻ സാധിക്കുകയുള്ളൂവെന്ന് ഡി.എം.ഒ. എ.എൽ.ഷീജ പറഞ്ഞു. അവസാനമായി ഏപ്രിൽ 29-ന് 5000 എണ്ണം മാത്രമാണ് ലഭിച്ചത്. എണ്ണം കുറവായതിനാൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ നൽകാനാവാത്ത സ്ഥിതിയാണ്.