കോന്നിയിൽ എട്ടിടത്ത്‌ ജനീഷ്; മൂന്നിടത്ത് റോബിൻ

കോന്നി : നിയമസഭാ തിരഞ്ഞെടുപ്പിൽ കോന്നി നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ എട്ടിടങ്ങളിൽ കെ.യു. ജനീഷ് കുമാർ ലീഡ് നിലനിർത്തി. മൂന്നിടങ്ങളിൽ യു.ഡി.എഫ്. സ്ഥാനാർഥി റോബിൻ പീറ്റർ മുന്നിലെത്തി.

സി.പി.എം. ഭരണത്തിലുള്ള പ്രമാടം, മൈലപ്ര പഞ്ചായത്തുകളിൽ റോബിനാണ് മുന്നിലെത്തിയത്. പ്രമാടത്ത് 1343 വോട്ടിന്റേയും മൈലപ്രയിൽ 472 വോട്ടിന്റേയും ഭൂരിപക്ഷമാണ് ഉണ്ടായത്. യു.ഡി.എഫ്. ഭരിക്കുന്ന കോന്നി പഞ്ചായത്തിൽ 1491 വോട്ടിന്റെ ലീഡും റോബിന് കിട്ടി. യു.ഡി.എഫ്. ഭരിക്കുന്ന തണ്ണിത്തോട്ടിൽ എൽ.ഡി.എഫിന് 52 വോട്ടിന്റെ മുൻതൂക്കമുണ്ടായി. സി.പി.എം. ഭരണത്തിലുള്ള മലയാലപ്പുഴ പഞ്ചായത്തിൽ 772 വോട്ടിന്റേയും ചിറ്റാറിൽ 1081 വോട്ടും സീതത്തോട്ടിൽ 2567 വോട്ടും വള്ളിക്കോട്ട് എട്ടും ഏനാദിമംഗലത്ത് 2612 വോട്ടും കലഞ്ഞൂരിൽ 3231 വോട്ടും അരുവാപ്പുലത്ത് 700 വോട്ടിന്റെയും ലീഡാണ് ജനീഷ് കുമാറിന് കിട്ടിയത്.

തപാൽ വോട്ടിലും ജനീഷ് മുന്നിലെത്തി. ആകെയുള്ള 4929 വോട്ടിൽ 2152 എണ്ണം ജനീഷിനും 1951 എണ്ണം റോബിനും 817 എണ്ണം കെ.സുരേന്ദ്രനും ലഭിച്ചു.

തിരുവല്ലയിൽ വോട്ടുനേട്ടം എൽ.ഡി.എഫിന് മാത്രം

തിരുവല്ല: നിയോജക മണ്ഡലത്തിലെ വിജയത്തിനൊപ്പം കഴിഞ്ഞ തവണത്തേക്കാൾ വോട്ടുകൂട്ടിയെടുക്കാൻ എൽ.ഡി.എഫിനായി. വലതുമുന്നണിക്കും എൻ.ഡി.എ.യ്ക്കും വോട്ട് നഷ്ടവും. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കിട്ടിയതിനേക്കാൾ വോട്ട് എൽ.ഡി.എഫ്. നേടിയപ്പോൾ മറ്റ് രണ്ട് മുന്നണികൾക്കും കുറഞ്ഞു. ഏറ്റവും വലിയ നഷ്ടം എൻ.ഡി.എ.യ്ക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി 59,660 വോട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 50,511 വോട്ടും നേടി. ഇത്തവണ മാത്യു ടി.തോമസ് നേടിയത് 62,178 വോട്ട്. യു.ഡി.എഫ്. 2016-ൽ 51,398 ഉം 2019-ൽ 54,250 വോട്ടും നേടി. ഇത്തവണ കുഞ്ഞുകോശി പോൾ നേടിയത് 50,757 വോട്ടുമാത്രം. വോട്ടുചോർച്ച ഏറ്റവും ബാധിച്ച എൻ.ഡി.എ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ലയിൽ 31,439 വോട്ടുകളും പാർലമെന്റിലേക്ക് 40,186 വോട്ടും നേടി. ഇത്തവണ നേടിയത് 22,674.

രണ്ട് വർഷത്തിനിടെ 45 ശതമാനത്തോളം വോട്ട് എങ്ങിനെ നഷ്ടമായതെന്നതിന്റെ ഉത്തരം ബി.ജെ.പി. നേതാക്കൾക്കില്ല. ബി.ജെ.പി.യുടെ വോട്ടുകൾ വലിയതോതിൽ യു.ഡി.എഫിലേക്ക് പോയി എന്ന വാദം തിരുവല്ലയിലെ കണക്കിൽ അത്ര പൊരുത്തപ്പെടുന്നതല്ലന്ന വാദവുമുണ്ട്. രാഷ്ട്രീയ വിശകലനം നടത്തുന്നവർ പെരിങ്ങരയിലെ മൂന്ന് ബൂത്തുകൾ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. 146, 147, 148 ബൂത്തുകളിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വൻ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. യഥാക്രമം 213, 178, 393 എന്നിങ്ങനെയായിരുന്നു അവിടെ ബി.ജെ.പി.യ്ക്ക് 2019-ൽ കിട്ടിയ വോട്ടുകൾ. ഇത്തവണ 85, 79, 201 എന്നിങ്ങനെയാണ് ഈ ബൂത്തുകളിലെ ബി.ജെ.പി.വോട്ട്.

യു.ഡി.എഫിന് 2019-ൽ 194, 228, 148 വോട്ടുകളും ഇത്തവണ 180, 221, 151 വോട്ടുകളും നേടി. എൽ.ഡി.എഫ്. പാർലമെന്റിലേക്ക് 284, 344, 294 എന്നീ നിലയിൽ വോട്ടുനേടിയിരുന്നു. ഇത്തവണ 356, 404, 368 എന്നതാണ് യഥാക്രമമുള്ള വോട്ടുനില.

ബി.ജെ.പി. വോട്ട് വൻതോതിൽ കുറയുകയും യു.ഡി.എഫ്. വോട്ട് അതേനിലയിൽ തുടരുകയുമാണ് ഇവിടെ ഉണ്ടായത്. ഇടതുമുന്നണി നില മെച്ചപ്പെടുത്തുകയും ചെയ്തു.

നിയോജക മണ്ഡലത്തിലെ പല ബൂത്തുകളിലും ഈ സ്ഥിതി ഉണ്ടായിട്ടുണ്ട്. എന്നാൽ, വോട്ടിങ് ശതമാനത്തിൽ ഇത്തരം ബൂത്തുകളിൽ കുറവും വന്നിട്ടുണ്ട്. ഇത് ഏതുമുന്നണിക്ക് അുകൂലമാണെന്ന വിലയിരുത്തൽ ഉണ്ടായിട്ടില്ല. തിരുവല്ലയ്ക്ക് പടിഞ്ഞാറോട്ടുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഒന്നിലും മുന്നിലെത്താനാകാതിരുന്നത് യു.ഡി.എഫിലും ചർച്ചയാകും.

അടൂരിൽ ആറിടത്ത് ചിറ്റയം; മൂന്നിടത്ത് കണ്ണൻ

അടൂർ: തീപാറും പോരാട്ടത്തിലൂടെയാണ് ചിറ്റയം ഗോപകുമാർ അടൂരിൽ യു.ഡി.എഫിന്റെ എം.ജി.കണ്ണനോട് ജയിച്ചുകയറിയത്. ബി.ജെ.പി. ഭരിക്കുന്ന പന്തളം നഗരസഭയിലേതാണ് ആദ്യം എണ്ണിത്തുടങ്ങിയത്.

1449 വോട്ടിന്റെ ഭൂരിപക്ഷം ചിറ്റയം നേടിയെങ്കിലും കോൺഗ്രസ് ഭരിക്കുന്ന തുമ്പമൺ പഞ്ചായത്തിൽ എത്തിയപ്പോൾ കണ്ണന് 597 വോട്ട് ഭൂരിപക്ഷം നേടാനായി. പിന്നീട് പന്തളം തെക്കേക്കര-871, കൊടുമൺ-1284 വോട്ടുകളോടെ വീണ്ടും ചിറ്റയം ഭൂരിപക്ഷം നേടി. പക്ഷേ, എൽ.ഡി.എഫ്. രണ്ടുതവണയായി ഭരിക്കുന്ന അടൂർ നഗരസഭയിൽ കണ്ണൻ 1572 വോട്ടുകളുടെ ഭൂരിപക്ഷം നേടി. ഇതോടെ ചിറ്റയവും കണ്ണനും ഒപ്പത്തിനൊപ്പമെന്ന അവസ്ഥയിലേക്കെത്തി.

35 വർഷമായി എൽ.ഡി.എഫ്. ഭരിക്കുന്ന പള്ളിക്കൽ പഞ്ചായത്തിൽ എത്തിയതോടെ 1918 വോട്ട്‌ നേടി ചിറ്റയം ഭൂരിപക്ഷം വീണ്ടും നിലനിർത്തി. എൽ.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തായ കടമ്പനാട്ട് 210 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് നേടാനായത്. എൽ.ഡി.എഫ്. ഭരിക്കുന്ന ഏറത്ത് 1166 വോട്ടിന്റെ ഭൂരിപക്ഷം നേടി കണ്ണൻ വെല്ലുവിളി ഉയർത്തി. ഏഴംകുളം പഞ്ചായത്തിൽ ചിറ്റയം 73 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ചിറ്റയത്തിന് പന്തളം നഗരസഭയിൽനിന്ന് ലഭിച്ച മുൻതൂക്കത്തിന് മുകളിലേക്ക് കണ്ണന് പോകാൻ സാധിക്കാഞ്ഞതാണ് എൽ.ഡി.എഫിന് 2919 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയം നേടാൻ സാധിച്ചത്. ഒരു ഘട്ടത്തിലും ബി.ജെ.പി.ക്ക് മികച്ച പോരാട്ടം കാഴ്ചവെയ്ക്കാൻ സാധിച്ചില്ല. മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നുകരുതിയ പന്തളത്ത് ബി.ജെ.പി. മൂന്നാമതായി. തപാൽ വോട്ടുകൾ: ചിറ്റയം ഗോപകുമാർ-2611, എം.ജി.കണ്ണൻ-2162, അഡ്വ. പന്തളം പ്രതാപൻ-681.

റാന്നി ‘ഷോക്കിലുലഞ്ഞ് ’ കോൺഗ്രസ്

പത്തനംതിട്ട: ജില്ലയിൽ യു.ഡി.എഫിനെയും ഇടതുമുന്നണിയെയും ഒരേപോലെ ‘ഞെട്ടിക്കുന്നതായി’ റാന്നിയിലെ തിരഞ്ഞെടുപ്പ് ഫലം. മറ്റു നാലുമണ്ഡലങ്ങളിലും വിജയം ഉറപ്പാണെന്ന് വ്യക്തമാക്കിയിരുന്ന എൽ.ഡി.എഫിന് റാന്നിയുടെ കാര്യത്തിൽ അത്ര പ്രതീക്ഷയല്ലായിയിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു നേതാക്കളുടെ മുൻപ്രതികരണം. സിറ്റിങ് സീറ്റാണെങ്കിലും മണ്ഡലത്തിലെ സാഹചര്യങ്ങൾ മാറിയത് പ്രതികൂലമായാണ് നേതൃത്വം ആദ്യഘട്ടങ്ങളിൽ വിലയിരുത്തിയിരുന്നത്. എന്നാൽ, പ്രമോദ് നാരായൺ കണക്കുകൂട്ടലുകൾ തെറ്റിച്ച് ‘അട്ടിമറി വിജയം’ നേടി. ഈ ജയം കോൺഗ്രസിനും നടുക്കമായി. ഫലത്തെച്ചൊല്ലി വിവാദങ്ങളും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്.

സി.പി.എമ്മിനായി മത്സരിക്കുന്ന രാജു എബ്രഹാമിന്റെ വ്യക്തിപ്രഭാവമാണ് റാന്നിയിൽ കോൺഗ്രസിന്റെ വിജയസാധ്യതകൾക്ക് തടസ്സം നിൽക്കുന്നുവെന്ന വാദമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ നേതാക്കൾ ഉയർത്തിയിരുന്നത്. ഇത്തവണ ചിത്രംമാറിയപ്പോൾ മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷ കോൺഗ്രസിൽ വാനോളമുയർന്നിരുന്നു. നാട്ടുകാരനായ റിങ്കു ചെറിയാൻതന്നെ മത്സരരംഗത്തെത്തി. വോട്ടെണ്ണിയേപ്പാൾ കേരള കോൺഗ്രസ് എമ്മിലെ പ്രമോദ് നാരായൺ 1285 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിയായി. വളരെ ചെറിയ ദിനങ്ങൾക്കുള്ളിൽ മണ്ഡലത്തിൽ ജനപ്രീതി നേടാൻ പ്രമോദിന് കഴിഞ്ഞുവെന്ന യാഥാർഥ്യം തിരിച്ചറിയാൻ പ്രാദേശിക നേതൃത്വത്തിനും കഴിയാതിരുന്നത് തിരിച്ചടിയായെന്നും നേതാക്കൾ വിലയിരുത്തുന്നു. 52,669 വോട്ടാണ് പ്രമോദ് നേടിയത്. റിങ്കു ചെറിയാന് 51,384 വോട്ടും.

റാന്നിയിൽ ഭൂരിപക്ഷ സമുദായത്തിൽപ്പെട്ട വ്യക്തി വിജയിക്കുന്നത് രണ്ടാം തവണ മാത്രമാണ്. െെക്രസ്തവ സമുദായത്തിൽപ്പെട്ട വ്യക്തികളെയാണ് ഇരുമുന്നണികളും കൂടുതലും മത്സരരംഗത്തിറക്കിയിരുന്നത്.

എല്ലാ വിഭാഗത്തിൽനിന്നും കുറയാതെ വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിച്ചു. ബി.ഡി.ജെ.എസിന് കഴിഞ്ഞ തവണ കിട്ടിയ വോട്ടിൽ ഇടിവുണ്ടായതും ശ്രദ്ധേയമാണ്. 8614 വോട്ടാണ് ബി.ഡി.ജെ.എസിന് നഷ്ടമായത്. 2016-ൽ മത്സരിച്ച കെ.പദ്മകുമാർ തന്നെയാണ് ഇക്കുറിയും ബി.ഡി.ജെ.എസിനായി രംഗത്തിറങ്ങിയത്.

നാട്ടുകാരനല്ലെന്ന വിമർശമാണ് പ്രധാനമായും പ്രചാരണത്തിനിടെ പ്രമോദിനെതിരേ എതിർപക്ഷമുയർത്തിയത്. ‘ജയിച്ചാലും തോറ്റാലും മരണംവരെ റാന്നിക്കാരനായി തുടരും’ എന്നായിരുന്നു ഇതിന് പ്രമോദിന്റെ മറുപടി.

ശബരിമല സ്ഥിതിചെയ്യുന്ന മണ്ഡലത്തിൽ വിശ്വാസ സംരക്ഷണവും യു.ഡി.എഫ്. പ്രചാരണ വിഷയമാക്കിയിരുന്നു. ഞാനും ഒരു അയ്യപ്പഭക്തനാണെന്നായിരുന്നു പ്രമോദിന്റെ വിശദീകരണം.

കേരള കോൺഗ്രസ് എമ്മല്ല സി.പി.എമ്മാണ് റാന്നിയിൽ മത്സരിക്കുന്നതെന്ന തരത്തിൽ കർശന നിലപാടിലേക്ക് സി.പി.എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെത്തിയതും ‘പഴയ സഖാവു’കൂടിയായ പ്രമോദിന് ഗുണകരമായി. 2016-ൽ രാജു എബ്രഹാം 58,749 വോട്ടും യു.ഡി.എഫ്. സ്ഥാനാർഥി 44,153 വോട്ടുമാണ് നേടിയത്.

ഇത്തവണ എൽ.ഡി.എഫിന് 52,669ഉം യു.ഡി.എഫിന് 51,384 വോട്ടും ലഭിച്ചു.

ആറന്മുളയിൽ വീണയുടെ സർവാധിപത്യം

ആറന്മുള: ശക്തമായ മത്സരം നടക്കുന്നുവെന്ന പ്രതീതി ജനിപ്പിച്ച ആറന്മുള മണ്ഡലത്തിൽ വീണാ ജോർജ് 12 പഞ്ചായത്തുകളിലും നഗരസഭയിലും വ്യക്തമായ ഭൂരിപക്ഷം നേടിയത് എതിരാളികളെ അമ്പരപ്പിച്ചു. മണ്ഡലത്തിലെ 12 പഞ്ചായത്തുകളിൽ അഞ്ച് എൽ.ഡി.എഫ്., അഞ്ച് യു.ഡി.എഫ്., ഒരു ബി.ജെ.പി., ഒരു സ്വതന്ത്രൻ എന്നാണ് കക്ഷിനില. പത്തനംതിട്ട നഗരസഭയിലും എൽ.ഡി.എഫിനാണ് മേൽക്കൈ.

ഇടത് മുന്നണി ഭരണം കൈയാളുന്ന ഇരവിപേരൂർ പഞ്ചായത്തിൽ വീണാ ജോർജിന്‌ 1836 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. യു.ഡി.എഫ്. ഭരിക്കുന്ന കോയിപ്രം പഞ്ചായത്തിൽ 1432 വോട്ടിന് ശിവദാസൻ നായർ പിന്നിലാണ്. എൻ.ഡി.എ., യു.ഡി.എഫ്. അംഗങ്ങളുടെ പിന്തുണയോടെ സി.പി.എം. വിട്ട് സ്വതന്ത്രനായി മൽസരിച്ച് വിജയിച്ച സി.എസ്.ബിനോയി പ്രസിഡന്റും യു.ഡി.എഫ്. വിമതയായി മൽസരിച്ച് വിജയിച്ച ഷെറിൻ വൈസ് പ്രസിഡന്റുമായ പഞ്ചായത്തിൽ ഇതാദ്യമായി വീണ 1515 വോട്ടിന്റെ ഭൂരിപക്ഷം നേടി യു.ഡി.എഫ്. കേന്ദ്രങ്ങളെ ഞെട്ടിച്ചു.

നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന് ലഭിച്ച കോഴഞ്ചേരിയിൽ വീണയ്ക്ക് 608 വോട്ടിന്റെ ലീഡ് നേടാനായി. എൽ.ഡി.എഫ്. ഭരണം കൈയാളുന്ന നാരങ്ങാനം പഞ്ചായത്തിൽ വീണാ ജോർജ് 1798 വോട്ടിന്റെ മേധാവിത്വം നേടി. യു.ഡി.എഫിന് വ്യക്തമായ മേൽക്കൈയിൽ ഭരണം കൈയാളുന്ന ആറന്മുള പഞ്ചായത്തിൽ വീണാ ജോർജ് 2000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി. എൽ.ഡി.എഫ്. ഭരിക്കുന്ന മല്ലപ്പുഴശേരി പഞ്ചായത്തിൽ വീണാ ജോർജിനാണ് ഭൂരിപക്ഷം. ബി.ജെ.പി.ഭരിക്കുന്ന കുളനട പഞ്ചായത്തിലും വീണയ്ക്ക് 1450 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. വീണാ ജോർജിന് 5979 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫ്. സ്ഥാനാർഥി ശിവദാസൻ നായർക്ക് 4529 വോട്ട് ലഭിച്ചു. എൻ.ഡി.എ. സ്ഥാനാർഥി ബിജു മാത്യുവിന് ലഭിച്ചത് 3318 വോട്ടുകൾ മാത്രമാണ്. ഇത് മുന്നണിയിൽ ചർച്ചകൾക്ക് വഴി വെച്ചേക്കും.

യു.ഡി.എഫ്. ഭരിക്കുന്ന ഇലന്തൂർ പഞ്ചായത്തിൽ വീണാ ജോർജ് 1300-ലധികം വോട്ടുകളുടെ ലീഡ് നേടി. എൽ.ഡി.എഫ്. നിയന്ത്രണത്തിലുളള ചെന്നീർക്കരയിൽ വീണ 1714 വോട്ടിന്റെ മേധാവിത്വം നേടി.

സി.പി.എം. കോട്ടയായ മെഴുവേലി പഞ്ചായത്തിലും യു.ഡി.എഫ്. ഭരിക്കുന്ന ഓമല്ലൂർ പഞ്ചായത്തിലും വ്യക്തമായ ലീഡ് നേടിയ വീണ പത്തനംതിട്ട നഗരസഭയിൽ 1818 വോട്ടിന്റെ ഭൂരിപക്ഷം നേടി. നഗരസഭാ ഭരണം നഷ്ടമായാലും ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കുന്ന നഗരസഭയിൽ യു.ഡി.എഫ്. പിന്നിൽ പോയതും വരും ദിവസങ്ങളിൽ ചർച്ചയായേക്കും.