അടൂർ : സഹകരണസംഘത്തിൽ ജോലിനൽകാമെന്നു പറഞ്ഞ് സംഘം പ്രസിഡന്റ് പണംവാങ്ങി പറ്റിച്ചുവെന്നാരോപിച്ച് മുൻതാത്കാലിക ജീവനക്കാരി സഹകരണ സംഘത്തിനു മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തി. ശൂരനാട് പാറക്കടവ് ഇടപ്പനയം അമൃതാലയത്തിൽ കെ.ജി. സുധാമണിയാണ് അടൂർ റവന്യൂ ടവറിനു സമീപം പ്രവർത്തിക്കുന്ന അടൂർ താലൂക്ക് മോട്ടോർ എംപ്ലോയീസ് സഹകരണ സംഘത്തിനു മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തിയത്. കുടുംബാംഗങ്ങളും സമരത്തിൽ പങ്കെടുത്തു.

2020-ൽ രണ്ടു തവണയായി അഞ്ചര ലക്ഷം രൂപ ജോലി നൽകാമെന്നു പറഞ്ഞ് സംഘം പ്രസിഡന്റ് കൈപ്പറ്റിയതായി സുധാമണി ആരോപിക്കുന്നു. ഇതിൽ രണ്ടര ലക്ഷം രൂപ തന്റെ ഭർത്താവിന്റെ പേരിൽ പത്തനംതിട്ട ജില്ലാ മോട്ടോർ എംപ്ലോയീസ് യൂണിയന്റെ ലെറ്റർ പാഡിലാണ് വാങ്ങിയത്.

മൂന്ന് ലക്ഷം രൂപ അച്ഛന്റെ പേരിൽ സംഘത്തിന്റെ ഫിക്സഡ് ഡിപ്പോസിറ്റ് രസീതിലും വാങ്ങിയതായി സുധാമണി പറയുന്നു. രണ്ടു മാസം ഈ സംഘത്തിൽ ജോലിചെയ്തു. തുടർന്ന് ജോലി സ്ഥിരമാക്കാതെ വന്നതോടെ പണം തിരികെ ആവശ്യപ്പെട്ടു. പല അവധികൾ പണം തരുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് പറഞ്ഞു. എന്നാൽ പണം തരാൻ കൂട്ടാക്കാതെ വന്നതോടെയാണ് ഇത്തരമൊരു പ്രതിഷേധത്തിന് മുതിർന്നതെന്ന് സുധാമണി പറഞ്ഞു.

മോട്ടോർ തൊഴിലാളി യൂണിയന്റെ മണ്ഡലം കമ്മിറ്റിയുടെ പേരിൽ രണ്ടര ലക്ഷം രൂപയും ബാങ്കിലേക്ക് മൂന്ന് ലക്ഷം രൂപയും കൈപ്പറ്റിയിട്ടുണ്ടെന്ന് സംഘം പ്രസിഡന്റ് കെ.ജി. സുരേഷ് കുമാർ പറഞ്ഞു. യൂണിയന്റെ പേരിൽ അടൂർ ബൈപ്പാസിൽ ഒരു വർക്ക് ഷോപ്പ് വാങ്ങിയിട്ടുണ്ട്.

എന്നാൽ സംഘത്തിന്റെ പേരിൽ വാങ്ങിയതുക ഇതിെല അംഗങ്ങൾക്ക് ലോണായി നൽകിയിട്ടുണ്ടെന്ന് സംഘം പ്രസിഡന്റ് പറഞ്ഞു. സുധാമണിയുടെ ജോലി ആവശ്യത്തിനായി വാങ്ങിയ പണം മാർച്ച് അവസാനം നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു. എന്നാൽ ജില്ലാ മോട്ടോർ എംപ്ലോയീസ് യൂണിയന് അടൂരിൽ ഇത്തരം ഒരു ഘടകമില്ലെന്നാണ് യൂണിയൻ ജില്ലാ സെക്രട്ടറി ഡി.സജി പറയുന്നത്.

കൂടാതെ ബൈപ്പാസിൽ യൂണിയനുവേണ്ടി വർക്ക്ഷോപ്പ് വാങ്ങി എന്നു പറയുന്ന സംഭവം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിനിടെ സുധാമണിയോടൊപ്പം നിന്ന പിതാവ് കെ.ജി. സുധാകരൻ(75)നെ മർദിച്ചു എന്ന പരാതിയിൽ സംഘം വൈസ് പ്രസിഡൻറ് ബിജുവിനെതിരേ അടൂർ പോലീസ് കേസെടുത്തു. പണം ലഭിക്കുംവരെ സമരം നടത്തുമെന്നാണ് സുധാമണി പറയുന്നത്.