പത്തനംതിട്ട : ‘കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തിരുവല്ല സീറ്റ് നൽകി പരാജയം സംഭവിച്ചാൽ അതിന്റെ ഉത്തരവാദികൾ പാർട്ടിനേതൃത്വമായിരിക്കും’- എ.ഐ.സി.സി.ക്കും കെ.പി.സി.സി. നേതൃത്വത്തിനും തിരുവല്ലയിലെ കോൺഗ്രസ് നേതാക്കൾ നൽകിയ നിവേദനത്തിലെ വാക്കുകളാണിത്.

മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കണമെന്നാണ് ഇവരുടെ ആവശ്യം. തിരുവല്ലയിലെ കെ.പി.സി.സി.-ബ്ളോക്ക് മണ്ഡലം കമ്മിറ്റികളിലെ ഭാരവാഹികളിൽ പലരും നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ജോസഫ് വിഭാഗത്തിനും കിട്ടിയ സീറ്റ് കണക്കുകൾ അടങ്ങിയതാണ് നിവേദനത്തിലെ ഉള്ളടക്കം. തിരുവല്ലയിൽ പാർട്ടി സ്ഥാനാർഥി മത്സരിക്കണമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.കുര്യന്റെ നിലപാടും മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ആവേശം പകരുന്നു. എന്നാൽ തിരുവല്ലയിൽ സ്വന്തം സ്ഥാനാർഥിയെ നിശ്ചയിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിലാണ് പി.ജെ.ജോസഫിനൊപ്പമുള്ളവർ.

മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും പാർട്ടി ഉന്നതാധികാരസമിതിയംഗവുമായ കുഞ്ഞുകോശി പോളിനാണ് പ്രധാന പരിഗണനയെന്നാണ് സൂചന. ഔദ്യോഗിക തീരുമാനം ഉടനുണ്ടായേക്കും.

തിരുവല്ലയിൽ തുടരെയുണ്ടായ പരാജയങ്ങളും കേരള കോൺഗ്രസിലെ പിളർപ്പും ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുള്ളത്. മുൻതൂക്കമുണ്ടായിട്ടും 1960-ന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് മത്സരിക്കാൻ സാധിച്ചിട്ടില്ലെന്നും ഇവർ പറയുന്നു. യു.ഡി.എഫിനൊപ്പമായിരുന്നപ്പോൾ മാണി വിഭാഗമാണ് തിരുവല്ല സീറ്റിൽ മത്സരിച്ചിരുന്നത്. പിളർപ്പിനെ തുടർന്ന് ഈ സീറ്റിന് ജോസഫ് വിഭാഗം മുന്നണിയിൽ അവകാശവാദമുന്നയിക്കുകയായിരുന്നു.

എൽ.ഡി.എഫിനായി ജനതാദൾ എസ്. ഈ സീറ്റിൽ മത്സരിക്കുന്നതിനാൽ ജോസ് പക്ഷം തിരുവല്ലയ്ക്കായി ബലം പിടിച്ചില്ല. പകരം റാന്നി സീറ്റ് ലക്ഷ്യമിട്ടു. ഇക്കാര്യത്തിലും തീരുമാനം ഇതുവരെ ജോസ് വിഭാഗത്തിന് അനുകൂലമായിട്ടില്ല. സിറ്റിങ് സീറ്റായ റാന്നി കൈമാറരുതെന്ന് സി.പി.എം. ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.