മല്ലപ്പള്ളി : വിജ്ഞാനലോകത്തേക്കുള്ള ജാലകങ്ങളാണ് പുസ്തകങ്ങളെന്ന് രാജു എബ്രഹാം എം.എൽ.എ. പറഞ്ഞു. അറിവ് ആർജിക്കുന്നതിനൊപ്പം വ്യക്തിത്വം രൂപപ്പെടുത്താനും നല്ല വായന വഴിയൊരുക്കും. മല്ലപ്പള്ളിയിൽ ബുധനാഴ്ച തുടങ്ങിയ നാലാമത് ജില്ലാ പുസ്തകമേള ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.

സമിതി ചെയർമാൻ സുരേഷ് ചെറുകര അധ്യക്ഷത വഹിച്ചു. കൺവീനർമാരായ കുഞ്ഞുകോശി പോൾ, എബി മേക്കരിങ്ങാട്ട്, ജിനോയ് ജോർജ്, കെ.ആർ.പ്രദീപ്കുമാർ, വൈസ് ചെയർമാൻമാരായ ജേക്കബ് എം.ഏബ്രഹാം, എം.എം.ഖാൻ റാവുത്തർ, സെക്രട്ടറി വി.ജ്യോതിഷ് ബാബു, ഖജാൻജി രാജേഷ് ജി.നായർ തുടങ്ങിയവർ പ്രസംഗിച്ചു.

ക്ഷേത്രപ്രവേശനവിളംബര സ്മാരക ശ്രീചിത്തിരതിരുനാൾ സാംസ്കാരികസമിതിയും മല്ലപ്പള്ളി പ്രസ്‌ക്ലബ്ബും ചേർന്നാണ് പുസ്തകമേള നടത്തുന്നത്. കോട്ടയം റോഡിൽ സെന്റ് ജോൺസ് ബഥനി ഓർത്തോഡോക്സ് പള്ളി ഹാളിൽ നടക്കുന്ന മേള ശനിയാഴ്ച സമാപിക്കും.