അടൂർ : എൻ.എസ്.എസ്. അടൂർ താലൂക്ക് യൂണിയനിൽ പ്രവർത്തിക്കുന്ന മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും നബാർഡിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വനിതാ സ്വയംസഹായ സംഘങ്ങൾക്കും മേഖലാ കോ-ഓർഡിനേറ്റർമാർക്കുമുള്ള ഏകദിന പരിശീലന പരിപാടി നടത്തി. സ്വയം ഹായസംഘ ഭാരവാഹികൾക്കും സംഘാംഗങ്ങൾക്കും സാമ്പത്തിക കാര്യങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും സംഘ അംഗങ്ങളുടെ ബാങ്ക് വായ്പയും വായ്പാ തിരിച്ചടവും മെച്ചപ്പെടുത്തുന്നതിനും സാമൂഹിക സുരക്ഷാ പദ്ധതികളിൽ അംഗങ്ങൾ ആകുന്നതിനും അർഹരായ എല്ലാവർക്കും കിസാൻ ക്രഡിറ്റ്‌ കാർഡ് ലഭ്യമാക്കുന്നതിനും സാമൂഹിക സുരക്ഷാ പദ്ധതിയിൽ താത്‌പര്യം ഉള്ള എല്ലാവരെയും അംഗങ്ങൾ ആക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി പ്രത്യേക ക്ലാസും നടത്തി. എൻ.എസ്.എസ്. അടൂർ താലൂക്ക് യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗവുമായ കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ്‌ എൻ.രവീന്ദ്രൻ നായർ അധ്യക്ഷനായി. എം.എസ്.എസ്.എസ്. സെക്രട്ടറി വി.ആർ.രാധാകൃഷ്ണൻ നായർ, എം.എസ്.എസ്.എസ്. ട്രഷറർ സി.ആർ.ദേവലാൽ എന്നിവർ പങ്കെടുത്തു. ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ്, അടൂർ ധനലക്ഷ്മി ബാങ്ക് ബ്രാഞ്ച് മാനേജർ ഗുരുദേവ്, ലിന്റു സക്കറിയ, വിനോദ് കുമാർ എന്നിവർ ക്ലാസുകൾ എടുത്തു.