ആറന്മുള : ഗ്രാമീണ ടൂറിസം വികസനത്തിനായി ഏറെ കൊട്ടിഘോഷിച്ച് ആറന്മുളയിൽ നിർമിച്ച ടൂറിസം ഫെസിലിറ്റേഷൻ സെന്ററിന് പൂട്ടുവീണിട്ട് മൂന്ന് വർഷം. 2018-ലെ പ്രളയത്തിൽനിന്ന് നാട് കരകയറിയെങ്കിലും ടൂറിസം വകുപ്പ് ഇതുവരെ മനസ്സുകൊണ്ട് കരകയറിയിട്ടില്ല.

പ്രളയത്തിൽ വെള്ളം കയറി സർവ്വതും നശിച്ചതോടെയാണ് കെട്ടിടം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അടച്ചുപൂട്ടുന്നത്. പമ്പാനദിയുടെ തീരത്ത് സത്രക്കടവിനടുത്തുള്ള ജവാൻ സ്മാരകത്തിനോട് ചേർന്നാണ് സെന്റർ കെട്ടിടം നിർമിച്ചത്.

തുടക്കത്തിൽ വൻപദ്ധതികളും ആശയങ്ങളുമെല്ലാം പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.

രണ്ടുനിലകളിലായുള്ള കെട്ടിടം 2015-ൽ ഉദ്ഘാടനം നടത്തി രണ്ടാംനില മല്ലപ്പുഴശേരി കുടുംബശ്രീയിലെ വനിതാ അംഗങ്ങൾക്ക് ഹോട്ടൽ നടത്തിപ്പിനായി വാടകയ്ക്ക് വിട്ടുനൽകി. എന്നാൽ പ്രളയത്തിനുശേഷം ഇവർ ഹോട്ടൽ പ്രവർത്തനം അവസാനിപ്പിച്ചു. പിന്നീട് ഇത് തുറക്കാനോ മറ്റ് സർക്കാർ ഏജൻസികൾക്ക് വാടകയ്ക്ക് നൽകാനോ പോലും ടൂറിസം വകുപ്പ് ഇതുവരെ താത്പര്യം കാണിച്ചിട്ടില്ല.

പ്രളയം ഏൽപ്പിച്ച ആഘാതം ഇപ്പോഴും കെട്ടിടത്തിനുണ്ട്.

സമീപത്തെല്ലാം കാട് വളർന്ന് സംരക്ഷണമില്ലാത്ത നിലയിലായിലാണ്. എന്നിട്ടും സെന്റർ ഇവിടെ ഉണ്ടോ എന്നുപോലും ആരും തിരിഞ്ഞുനോക്കുന്നില്ല.