പുല്ലാട് : ശ്രീ വിവേകാനന്ദാ ഹൈസ്‌കൂളിലെ അഭിലാഷ് കുമാർ ഉന്നത മാർക്ക് വാങ്ങിയാണ് പത്താംക്ലാസ് വിജയിച്ചത്. തകരാർ സംഭവിച്ച വൃക്ക നൽകുന്ന വേദനകൾ കടിച്ചമർത്തിയായിരുന്നു ഈ മിടുക്കന്റെ നേട്ടം.

പക്ഷേ അതിൽ മനസ്സ് തുറന്നൊന്ന് ആഹ്ലാദിക്കാൻ പോലും അച്ഛൻ പൂവത്തൂർ ആര്യാംകുളത്ത് വീട്ടിൽ എം.ആർ.പ്രകാശിനും അമ്മ സന്ധ്യയ്ക്കുമാകുന്നില്ല. കാരണം അവരിന്ന് മകന്റെ തുടർ ചികിത്സകളെങ്ങനെയെന്ന വലിയ ആശങ്കയിലാണ്. 2018 നവംബർ ഒന്നിന് സ്‌കൂളിന് സമീപം ഉണ്ടായ വാഹനാപകടത്തെ തുടർന്നാണ് അഭിലാഷിന് ഗുരുതരമായി പരിക്കേറ്റത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി പ്ലീഹ എടുത്തുമാറ്റി. തുടർന്ന് വൃക്കയ്ക്ക് ഗുരുതരമായ തകരാർ കണ്ടെത്തിയതിനെ തുടർന്ന് നവംബർ ആറിന് എറണാകുളം അമൃത മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. തുടർന്ന് ദിവസേന ഡയാലിസിസ് ചെയ്തു .നവംബർ 29-ന് ഡിസ്ചാർജ് ചെയ്തു. വീട്ടിൽ എത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ കലശലായ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു മാസത്തോളം അമൃത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ഡയാലിസിസ് ചെയ്തു.

തുടർന്ന് ആഴ്ചയിൽ രണ്ട് വീതം ഡയാലിസിസ് നടത്തിവരുകയായിരുന്നു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദേശിച്ചു. അമ്മ സന്ധ്യയുടെ വൃക്ക അനുയോജ്യമായതിനാൽ ശസ്ത്രക്രിയയ്ക്കായി അഭിലാഷിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 10-ാം തീയതിയാണ് ശസ്ത്രക്രിയ. ചികിത്സയ്ക്കായി ഇതുവരെ 15 ലക്ഷത്തോളം രൂപ ചെലവായി. വിവിധ സംഘടനകളുടെയും അഭ്യുദയ കാംക്ഷികളുകയും സഹായത്താലാണ് ഈ തുക കണ്ടെത്താനായത്. ശസ്ത്രക്രിയയ്ക്ക് മാത്രമായി 10 ലക്ഷത്തോളം രൂപ ചെലവു വരും. തുടർ ചികിത്സയ്ക്കും പണം കണ്ടെത്തേണ്ടതായുണ്ട്.

ഓട്ടോ ഡ്രൈവറായ പ്രകാശിന്റെ വരുമാനം കൊണ്ടാണ് അഞ്ചംഗ കുടുംബം ജീവിക്കുന്നത്. സഹായധനം സ്വരൂപിക്കുന്നതിനായി ഹെഡ് മാസ്റ്റർ, വാർഡ് അംഗം, കുട്ടിയുടെ പിതാവ് എന്നിവരുടെ പേരിൽ ഫെഡറൽ ബാങ്ക് പൂവത്തൂർ ശാഖയിൽ ഒരു ജോയിന്റ് അക്കൗണ്ട് ആരംഭിച്ചു.

എസ്.വി.ഹൈസ്‌കൂളിലെ അധ്യാപക-അനധ്യാപകർ സമാഹരിച്ച 1,10,000 രൂപ ഈ അക്കൗണ്ടിൽ നിക്ഷേപിച്ചു. എൻ.സി.രാജേന്ദ്രൻ നായർ, പ്രകാശ് എം.ആർ., രമേഷ് എസ്. എന്നിവരുടെ സംയുക്ത പേരിലാണ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. അക്കൗണ്ട് നമ്പർ- 11680 1000 65404, IFSC - FDRL0001168, ഫെഡറൽ ബാങ്ക്, പൂവത്തൂർ ശാഖ. ഫോൺ.9400425600.