കോട്ടയം : എം.കോം. വൈവയിലെ മാർക്ക് ദാനത്തിന് എതിരേ നടത്തിയ പോരാട്ടത്തിലൂടെ ശ്രദ്ധ നേടിയ ഡോ. ബിനോ തോമസ് വിരമിച്ചു. പത്തനംതിട്ട തുരുത്തിക്കാട് ബി.എ.എം. കോളേജ് കൊമേഴ്‌സ് വിഭാഗം മേധാവിയായിരുന്ന അദ്ദേഹം 2019-ലാണ് എം.കോം. പരീക്ഷയിലെ വൈവയിൽ കണക്കറ്റ് മാർക്ക് നൽകിയതിന് എതിരേ പോരാട്ടം നടത്തി ശ്രദ്ധ നേടിയത്.
പരീക്ഷാ ബോർഡ് ചെയർമാനായിരുന്നു ഡോ. ബിനോ തോമസ് എം.കോം. കോസ്റ്റ് അക്കൗണ്ടിങ് പരീക്ഷയിൽ അമിതമായി മാർക്ക് നൽകിയ സംഭവവും അദ്ദേഹമാണ് സർവകലാശാലയ്ക്ക് റിപ്പോർട്ട് ചെയ്തത്. രണ്ട് സംഭവങ്ങളും ഗവർണർ അന്വേഷിച്ചിരുന്നു. പരീക്ഷാ ചട്ടങ്ങളുടെ ലംഘനത്തിന് എതിരേയുള്ള ശക്തമായ നിലപാടുകളിലൂടെ അദ്ദേഹം ശ്രദ്ധ നേടി. കോട്ടയം സ്വദേശിയാണ്. വ്യാവസായിക ഉത്‌പാദന മേഖലയിൽ ക്വാളിറ്റി സർക്കിളുകളുടെ പ്രാധാന്യം എന്ന വിഷയത്തിൽ പിഎച്ച്.ഡി. നേടുന്ന ഇന്ത്യയിലെ ആദ്യത്തെ വ്യക്തിയാണ്.