അടൂർ : ബസില്ലാത്തതിനാൽ നല്ല തിരക്കാണ് അടൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ. യാത്രക്കാരിൽ പലരും മണിക്കൂറുകളോളം സ്റ്റാൻഡിൽ നിൽക്കേണ്ട അവസ്ഥയാണ്. കുട്ടികൾക്ക് സമയത്ത് സ്കൂളിലെത്താനോ, വീടുകളിലെത്താനോ പറ്റാത്ത അവസ്ഥയാണ്. അടൂർ സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ഗ്രാമീണ ബസുകൾ പലതും ഇന്നില്ല. നിരവധി ആളുകൾ സ്ഥിരമായി യാത്രചെയ്തിരുന്ന കീരുകുഴി, പട്ടാഴി, ശാസ്താംകോട്ട, കൈതപറമ്പ്-കൊട്ടാരക്കര, ഞാങ്കടവ്, ദേശ കല്ലുംമൂട്, പഴകുളം-കരുനാഗപ്പള്ളി എന്നീ റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന ഒരു ബസുപോലും ഇപ്പോൾ ഓടുന്നില്ല.

കൂടാതെ അടൂർ-പന്തളം ഭാഗത്തേക്ക് ബസുകൾ തീരെ കുറവാണ്. കായംകുളം-പുനലൂർ ചെയിൻ സർവീസും ഇപ്പോളില്ല. ഈ ബസുകളിൽ യാത്രചെയ്തിരുന്നവരാണ് സ്റ്റാൻഡിൽ മറ്റു ബസുകൾക്കായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നത്.

കായങ്കുളം, പത്തനാപുരം ഭാഗത്തേക്ക് പോകാനുള്ളവർ രാത്രി ഏഴുകഴിഞ്ഞാൽ അമിത കൂലിനൽകി ഓട്ടോറിക്ഷപോലുള്ള വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

ഇരിപ്പിടമില്ല

കൂടുതൽ ആളുകളെത്തിയാൽ ഇരിക്കാനുള്ള സ്ഥലമില്ലാത്ത അവസ്ഥയാണ് അടൂർ കെ.എസ്.അർ.ടി.സി. സ്റ്റാൻഡിൽ. സ്ത്രീകളാണ് കൂടുതൽ പ്രയാസപ്പെടുന്നത്. സ്റ്റാൻഡിലെ ഓഫീസ് കെട്ടിടത്തിനുസമീപം ഒരു കാത്തിരിപ്പുകേന്ദ്രം നിർമിച്ചെങ്കിലും അത് ആളുകൾക്ക് പ്രയോജനകരമല്ല. ഇവിടെയിരുന്നാൽ ബസ് വരുന്നതോ പോകുന്നതോ കാണാനും സാധിക്കില്ല. ആകെയുള്ള ആശ്രയം കെ.എസ്.ആർ.ടി.സി. ജീവനക്കാർ നിർമിച്ച ഇരിപ്പിടങ്ങളാണ്. ബസിന്റെ ഉപയോഗശൂന്യമായ സാധനങ്ങൾവെച്ചാണ് ഈ ഇരിപ്പിടങ്ങൾ നിർമിച്ചിരിക്കുന്നത്.

വെള്ളമില്ല

സ്റ്റാൻഡിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കുറച്ചു നാളുകളായി കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. ജീവനക്കാർ ഇതുകാരണം ഏറെ പ്രയാസപ്പെടുന്ന അവസ്ഥയുണ്ട്. നിരവധി തവണ എ.ടി.ഒ.യുടെയടുത്ത് പരാതി പറഞ്ഞിട്ടും വെള്ളത്തിന്റെ കാര്യത്തിൽ നടപടിയെടുക്കാൻ സാധിച്ചിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി. ജീവനക്കാർതന്നെ പറയുന്നു.

ടേക്ക്-എ-ബ്രേക്ക്

ശൗചാലയമില്ലായ്മയാണ് അടൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ മറ്റൊരു പോരായ്മ. ഉണ്ടായിരുന്ന ശൗചാലയത്തിന്റെ ശോചനീയാവസ്ഥകണ്ട് അടൂർ നഗരസഭയുടെ നേതൃത്വത്തിൽ ടേക്ക്-എ-ബ്രേക്ക് പദ്ധതി നിലവിൽ നടക്കുകയാണ്. ഇതിന്റെ മുന്നോടിയായി ശൗചാലയകെട്ടിടം പൊളിച്ചു. പക്ഷേ, ഇപ്പോൾ താത്‌കാലികമായി ഉപയോഗിക്കുന്ന ശൗചാലയം വൃത്തിയില്ലാത്ത അവസ്ഥയാണ്. മഴപെയ്താൽ ഇവിടം മുഴവൻ ചെളിവെള്ളം നിറഞ്ഞ് ആളുകൾക്ക് ശൗചാലയത്തിലേക്ക് കയറാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ.