പത്തനംതിട്ട : ജില്ലയിൽ കോവിഡ് വാക്സിൻ എടുത്തിട്ടില്ലാത്ത അധ്യാപകരുടെ എണ്ണം 43. ഇവർ ഒരുഡോസ് വാക്സിനും എടുത്തിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുളളത്. 16 അനധ്യാപകരും ഇത്തരത്തിലുണ്ട്.

ആകെയുള്ള 59 പേരിൽ 57 പേർ ആരോഗ്യപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് വാക്സിൻ എടുക്കുന്നതിൽ വിമുഖത കാട്ടിയത്. മതപരമായ കാരണത്താൽ രണ്ടുപേർ വാക്സിൻ സ്വീകരിച്ചില്ല.

നിർബന്ധിത വാക്സിനേഷന് നിയമമില്ലാത്തതിനാൽ ബോധവത്കരണത്തിലൂടെ ഇവരെയും വാക്സിൻ സ്വീകരിപ്പിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

ആരോഗ്യപരമായ കാരണത്താലല്ലാതെ വാക്സിൻ എടുക്കാത്തവർ ആഴ്ചതോറും സ്വന്തം ചെലവിൽ ആർ.ടി.പി.സി.ആർ. എടുക്കണമെന്നാണ് സർക്കാർ നിർദേശം. ഇതിനുശേഷമേ ജോലിക്ക് ഹാജരാകാൻ കഴിയുകയുള്ളു. ജില്ലയിൽ രണ്ട് ഡോസ് വാക്സിനും എടുത്തത് 75 ശതമാനം പേരാണ്.

പട്ടിക തയ്യാറാക്കുന്നു

രണ്ടാം ഡോസ് വാക്സിനേഷൻ നടത്താൻ ശേഷിക്കുന്നവരുടെ പട്ടിക തയ്യാറാക്കുന്നതിന് ആരോഗ്യവകുപ്പ് ശ്രമം അന്തിമഘട്ടത്തിലാണ്. ഓരോ ആശാ വർക്കറും അവരവരുടെ പ്രദേശത്ത് രണ്ടാം ഡോസ് എടുക്കാൻ ശേഷിക്കുന്നവരുടെ പേരുവിവരം ശേഖരിക്കും. മുൻഗണനപ്രകാരം ഇവർക്ക് രണ്ടാംഡോസ് വാക്സിൻ ലഭ്യമാക്കണം.

കോവിഷീൽഡിന്റെ കാര്യത്തിൽ ഒന്നാം ഡോസ് വാക്സിൻ ലഭിച്ച് 16 ആഴ്ചയ്ക്് മുകളിലുള്ളവർ, 14-16 ആഴ്ചയ്ക്ക് ഇടയിലുള്ളവർ, തുടർന്ന് 12-14 ആഴ്ചയ്ക്ക് ഇടയിലുള്ളവർ എന്നിങ്ങനെ മുൻഗണനാ പട്ടിക തയ്യാറാക്കി പരിഗണന നൽകണമെന്നാണ് നിർദേശം.

കോവാക്സിന്റെ കാര്യത്തിൽ ആറ് ആഴ്ചയ്ക്ക് മുകളിലുള്ളവർ, 5-6 ആഴ്ചയ്ക്ക് ഇടയിലുള്ളവർ, 4-5 ആഴ്ചയ്ക്ക് ഇടയിലുള്ളവർ എന്നതരത്തിൽ മുൻഗണന നൽകണം. അർഹതപ്പെട്ട എല്ലാവർക്കും രണ്ടാംഡോസ് വാക്സിനേഷൻ കിട്ടിയെന്നതും ഉറപ്പാക്കണം. ഇൗ പ്രവർത്തനങ്ങൾ തദ്ദേശതലത്തിലുള്ള കോർ ഗ്രൂപ്പ് നിരന്തരം വിലയിരുത്തണം.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപവത്കരിക്കപ്പെട്ട വാർഡുതല സമിതികൾ, ആശാ വർക്കർമാർ, സാമൂഹ്യ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെ ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പുമായി യോജിച്ചുള്ള പ്രവർത്തനം ഉറപ്പാക്കേണ്ട ചുമതല തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്കാണ്.

മിലിട്ടറി കാന്റീൻ: പ്രവേശനം 600 പേർക്ക്

പത്തനംതിട്ട : മിലിട്ടറി കാന്റീനിൽ വെള്ളിയാഴ്ചമുതൽ പ്രവേശനം കാന്റീൻ സ്മാർട്ട് കാർഡുള്ളവർക്ക് മാത്രമാണ്. പ്രതിദിനം രാവിലെ ഒൻപതുമുതൽ 3.30വരെ 600 പേർക്കാണ് പ്രവേശനാനുമതി. എസ്.എം.എസ്. മുഖാന്തരമുള്ള അറിയിപ്പുണ്ടാകുകയില്ല.