പന്തളം : ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ ഭക്തരുടെ വികാരവും അത് നൽകുന്നത് ദിവ്യാനുഭൂതിയുമാണെന്ന് തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരി. ശബരിമലയിലെ ഓരോ ചടങ്ങിനും പ്രത്യേകതയുണ്ടെന്നും അക്കീരമൻ പറഞ്ഞു.
പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നടന്ന ശരണോത്സവത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ അധ്യക്ഷത വഹിച്ചു. ഹിന്ദുവിന്റെ സംസ്കാരം ക്ഷേത്രത്തിൽ അധിഷ്ഠിതമാണെന്ന് അദ്ദേഹം പറഞ്ഞു. പന്തളം വലിയകോയിക്കൽ ക്ഷേത്ര ഉപദേശകസമിതിയുടെയും കൊട്ടാരം നിർവാഹകസംഘത്തിന്റെയും സഹകരണത്തോടെ ദുബായ് അയ്യപ്പസേവാസമിതിയാണ് ശരണോത്സവം സംഘടിപ്പിച്ചത്.
ശബരിമല മാതൃകയിൽ പണിത താത്കാലിക ക്ഷേത്രത്തിനു മുന്നിലായിരുന്നു സമ്മേളനം. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ജി.പൃഥിപാൽ അധ്യക്ഷത വഹിച്ചു. കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി പി.എൻ.നാരായണവർമ, രാഘവ വർമ, ദീപാ വർമ, അയ്യപ്പസേവാസമിതി ദുബായ് പ്രതിനിധി രാധാകൃഷ്ണൻ, ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ ആചാരാനുഷ്ഠാനങ്ങൾക്ക് നേതൃത്വം നൽകുന്ന തിരുവാഭരണ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള, മരുതവന ശിവൻപിള്ള, കിഴക്കേ തോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.