റാന്നി : തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് തദ്ദേശഭരണത്തിൽ പ്രാഥമിക പരിശീലനം നൽകുന്നതിനായി തൃശ്ശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ(കില) നടപടികളാരാഭിച്ചു.

ഇതിനായി ജനപ്രതിനിധികൾക്ക് ക്ലാസെടുക്കുന്നവർക്കായി നാലുദിവസ പരിശീലനം തുടങ്ങി. എല്ലാ ജില്ലകളിലും ഒന്നോ രണ്ടോ കേന്ദ്രങ്ങളിൽ വെച്ചാണ് ക്ലാസെടുക്കുന്നത്. പത്തനംതിട്ടയിൽ പഴകുളം പാസ്, റാന്നി പഴവങ്ങാടി പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിൽ പരിശീലനം നടക്കുന്നു.

കോവിഡ് പഞ്ചാത്തലത്തിൽ നേരിട്ടുള്ള പരിശീലനം ഒഴിവാക്കി ഓൺലൈനായിട്ടായിരിക്കും പ്രാഥമിക പരിശീലനം. തദ്ദേശഭരണത്തിൽ കാര്യശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം. പൊതുഭരണം, പങ്കാളിത്ത ആസൂത്രണം, ധന മാനേജ്‌മെന്റ്, സാമൂഹികക്ഷേമവും സേവനങ്ങളും, പൊതുമരാമത്ത് എന്നീ വിഷയങ്ങളിലാണ് പ്രധാനമായും ഊന്നൽ നൽകുന്നത്. 32 സെഷനുകളിലായി 395 മിനിട്ടാണ് പരിശീലനസമയം. സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെടുന്ന 15,962 ജനപ്രതിനിധികൾക്കാണ് പരിശീലനം നൽകേണ്ടത്.

ഡോ. ജോയ് ഇളമൺ ആണ് മുഖ്യ കോഴ്‌സ് ഡയറക്ടർ. ഡോ. ജെ.ബി.രാജൻ ഗ്രാമപ്പഞ്ചായത്ത് പരിശീലക ഡയറക്ടറും പി.എം.ഷെഫീഖ്, ഡോ. എബി ജോർജ്, സി.വിനോദ് കുമാർ, ഡോ. എസ്.വിനോദ് എന്നിവർ വിഷയാധിഷ്ഠിത കോഴ്‌സ് ഡയറക്ടർമാരുമാണ്. റാന്നി, കോന്നി, മല്ലപ്പള്ളി, കോയിപ്രം ബ്ലോക്കുകളിൽനിന്ന്‌ തിരഞ്ഞെടുത്ത 40 പേർ റാന്നി പഴവങ്ങാടി പഞ്ചായത്ത് ഹാളിലെ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നു. ഡോ. ജോയ് ഇളമൺ ഓൺലൈനായി ആദ്യക്ലാസെടുത്ത് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. റാന്നിയിലെ പരിശീലനത്തിന് ജില്ലാ ഫെസിലിറ്റേറ്റർ എം.കെ.വാസു, റാന്നി ബ്ലോക്ക് കോർഡിനേറ്റർ വി.കെ.രാജഗോപാൽ, കോർഡിനേറ്റർമാരായ ഷാൻ രമേശ്‌ഗോപൻ, എൻ.ജയപ്രകാശ്, പി.കെ.തോമസ് എന്നിവർ നേതൃത്വം നൽകുന്നു. പരിശീലനം വെള്ളിയാഴ്ച സമാപിക്കും.