സീതത്തോട് : ചിറ്റാർ ഗ്രാമപ്പഞ്ചായത്തിന്റെ ബജറ്റ് അവതരണം മുടങ്ങിയതിനെച്ചൊല്ലി വിവാദം ഉയരുന്നു. സമീപ പഞ്ചായത്തുകളെല്ലാം ബജറ്റ് അവതരിപ്പിച്ച് നടപടിക്രമങ്ങളുമായി മുന്നോട്ടുപോയി. സി.പി.എമ്മിനുള്ളിലെ പടലപ്പിണക്കമാണ് ബജറ്റ് അവതരണം നടക്കാത്തതിനുപിന്നിലെന്നാണ് ആക്ഷേപം.

ബജറ്റ് അവതരണം പൂർത്തിയാക്കണമെന്ന സർക്കാർ നിർദേശം ഉണ്ടായിരുന്നെങ്കിലും പഞ്ചായത്തിന് ഇത് പാലിക്കാനായില്ല.

കോൺഗ്രസ് വിമതന് പിന്തുണ നൽകി ഭരണസമിതിയുണ്ടാക്കിയതിനെച്ചൊല്ലി ചിറ്റാറിൽ സി.പി.എമ്മിനുള്ളിൽ തർക്കം രൂക്ഷമാണ്. ഇതിന്റെ തുടർച്ചയാണ് ബജറ്റ് അവതരണത്തിൽ പ്രതിഫലിച്ചതെന്നും ആക്ഷേപമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഇനി അടുത്തൊന്നും ബജറ്റ് അവതരിപ്പിക്കാനാകില്ല. ഇത് പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കും. ഭരണസമിതിയിലെ ഭിന്നത കാരണം ജീവനക്കാരും പ്രവർത്തനങ്ങളുമായി സഹകരിക്കുന്നില്ല. അതേസമയം, പദ്ധതിരേഖകൾക്ക് ഡി.പി.സി.യുടെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പെട്ടെന്ന് പ്രഖ്യാപിച്ചതിനാലാണ് ബജറ്റ് അവതരിപ്പിക്കാൻ കഴിയാതെപോയതെന്നും പ്രസിഡന്റ് പറഞ്ഞു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നിരുത്തരവാദപരമായ നിലപാടും ഭരണസമിതിയുടെ പിടിപ്പുകേടുംമൂലമാണ് ബജറ്റ് അവതരിപ്പിക്കാൻ കഴിയാതെപോയതെന്ന് പ്രതിപക്ഷ നേതവ് എ.ബഷീർ പറഞ്ഞു.

ഇതുമൂലം പഞ്ചായത്തിന്റെ പദ്ധതിപ്രവർത്തനങ്ങളെല്ലാം തകരാറിലാക്കിയതിന് സി.പി.എം. മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.