റാന്നി : കുറെ കലാകാരന്മാർ റോഡരികിലിരുന്ന് തുണിയിൽ സ്ഥാനാർഥിയുടെ ചിത്രംവരച്ച്് പ്രചാരണ ബോർഡുകൾ തയ്യാറാക്കുന്നു. പഴയകാല ഓർമപോലെ. എല്ലാം റാന്നി ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡിൽ സ്വതന്ത്രനായി മത്സരിക്കുന്ന കലാകാരനായ അനൂപ് രാജിന് (നിധി ഷിബു) വേണ്ടി.

വിവിധ ദേശങ്ങളിൽ നിന്നെത്തിയ കൊമേഴ്‌സ്യൽ ആർട്ടിസ്റ്റുകളാണിവർ. ഇവർക്കൊപ്പം സ്ഥാനാർഥിയും വരച്ചു, സ്വന്തം ചിത്രം. തൊഴിൽ നഷ്ടപ്പെട്ട തങ്ങളുടെ ദയനീയ അവസ്ഥ കാണാത്ത അധികൃതരെ പ്രതിഷേധമറിയിക്കാൻ കൂടിയായിരുന്നു ഈ കൂടിച്ചേരൽ.

തിരഞ്ഞെടുപ്പ് പ്രചാരണം ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ നവമാധ്യമങ്ങളിലടക്കം പൊടിപൊടിക്കുമ്പോൾ റാന്നിയിലെ ഈ കാഴ്ച കൗതുകമായി.

ഡിജിറ്റൽ യുഗത്തിൽ എന്തിനും ഏതിനും യന്ത്രങ്ങളെ ആശ്രയിക്കുമ്പോൾ തുണിയിൽ തങ്ങളുടെ കരവിരുത് തെളിയിക്കുക കൂടിയായിരുന്നു ഇവർ.

തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമല്ല ഇവരുടെ ലക്ഷ്യം. തൊഴിൽ നഷ്ടപ്പെട്ട തങ്ങളുടെ വേദന അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നതിലുള്ള പ്രതിഷേധം അറിയിക്കുവാൻ കൂടിയാണ് കൊമേഴ്‌സ്യൽ ആർട്ടിസ്റ്റുകൾ റാന്നിയിലെത്തിയത്.

വയനാട്, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം,പത്തനംതിട്ട ജില്ലകളിൽ നിന്നായി പതിനഞ്ചോളം കലാകാരന്മാരാണ് സംഘടനയുടെ രക്ഷാധികാരിയും സ്ഥാപക സെക്രട്ടറിയുമായ അനൂപ് രാജിന് പിന്തുണയുമായി എത്തിയത്.

സംസ്ഥാന രക്ഷാധികാരി അനിൽ കലാലയം, വൈസ് പ്രസിഡന്റ് ആർ. സന്തോഷ്, ജോയിന്റ് സെക്രട്ടറി ഷിബു ബോസ് എന്നിവർ നേതൃത്വം നൽകി.

അറിയാവുന്ന ഈ തൊഴിൽ നഷ്ടപ്പെട്ടു. സ്ഥാനാർഥിയുടെ വിജയത്തിനൊപ്പം തകർന്നുകൊണ്ടിരിക്കുന്ന തങ്ങളുടെ ജീവിതം പച്ചപിടിപ്പിക്കാൻ അധികൃതരുടെ കണ്ണ് തുറപ്പിക്കാൻകൂടി ഈ ഒത്തുചേരൽ കൊണ്ട് സാധിക്കണേയെന്നാണ് പ്രാർഥനയെന്ന് ഇവർ പറഞ്ഞു.