തിരുവല്ല : പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സിലെ സ്പിരിറ്റ് തട്ടിപ്പ് കേസിലെ ഏഴാം പ്രതിയെ തിരുവല്ലയിൽ എത്തിച്ചു.

മഹാരാഷ്ട്ര സ്വദേശി ആബ എന്ന് വിളിക്കുന്ന സതീഷ് ബാൽ ചന്ദ്‌വാനിയെയാണ് ഞായറാഴ്ച വൈകീട്ട് ഏഴരയോടെ പുളിക്കീഴ് എസ്.ഐ. ആർ.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കേരള എക്‌സ്പ്രസിൽ എത്തിച്ചത്. മദ്യനിർമാണത്തിനായി മധ്യപ്രദേശിൽനിന്ന് ട്രാവൻകൂർ ഷുഗേഴ്‌സിലേക്ക് ടാങ്കറുകളിൽ എത്തിച്ച സ്പിരിറ്റിൽനിന്ന് 20,386 ലിറ്റർ മധ്യപ്രദേശിലെ സേന്തുവയിൽ മറിച്ചുവിറ്റ കേസിൽ പുളിക്കീഴ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സതീഷ് ബാൽ ചന്ദ്‌വാനിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകി. കേസിൽ മുമ്പ് പിടിയിലായ മൂന്ന് പ്രതികൾ ഇപ്പോഴും റിമാൻഡിലാണ്. ഉന്നത ഉദ്യോഗസ്ഥരായ കേസിലെ നാലും അഞ്ചും ആറും പ്രതികളായ കമ്പനി ജനറൽ മാനേജർ അലക്‌സ് പി.ഏബ്രഹാം, പേഴ്സ‌ണൽ മാനേജർ പി.യു.ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘാ മുരളി എന്നിവരെ പിടികൂടാൻ പോലീസിനായിട്ടില്ല.