രണ്ട് മാസത്തിനിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 15 കേസുകൾ

പത്തനംതിട്ട : ഫെയ്‌സ്‌ ബുക്കിലൂടെ പരിചയപ്പെട്ട് പണം തട്ടുന്നരീതി ജില്ലയിലും വ്യാപകമാകുന്നു. രണ്ട് മാസത്തിനിടെ 15 കേസുകളാണ് ജില്ലയിൽ സൈബർ പോലീസ് സ്റ്റേഷനിലും പോലീസ് സ്റ്റേഷനുകളിലുമായി റിപ്പോർട്ട് ചെയ്തത്.

തട്ടിപ്പിനിരയായ ശേഷം പരാതി നൽകിയ കേസുകളാണിതെല്ലാം. എന്നാൽ, ദിനംപ്രതി ഇത്തരത്തിലുള്ള സംഭവങ്ങൾ ജില്ലയുടെ പല ഭാഗത്തും ഉണ്ടാകുന്നുണ്ടെന്നും നാണക്കേട് കാരണം ആളുകൾ പരാതി നൽകാൻ മടിക്കുകയാണെന്നും പോലീസ് പറയുന്നു.

തട്ടിപ്പ് നടത്തുന്നത് ഇങ്ങനെ

ഫെയ്‌സ്‌ബുക്കിൽ സജീവമായി ഇടപെടുന്നവരുടെ പ്രൊഫൈൽ മാസങ്ങളോളം നിരീക്ഷിച്ച ശേഷം ഇവർക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയാണ് തട്ടിപ്പുകാരുടെ പതിവുരീതിയെന്ന് സൈബർ പോലീസ് പറയുന്നു. പ്രൊഫൈൽ മൊത്തത്തിൽ പരിശോധിച്ച് ഈ വ്യക്തിയുടെ ജീവിതശൈലിയും ഇഷ്ട വിഷയങ്ങളുമെല്ലാം തട്ടിപ്പുകാർ മനസ്സിലാക്കും. പിന്നീടാകും ഇതനുസരിച്ചുള്ള രീതിയിൽ മെസഞ്ചറിൽ ചാറ്റിങ് നടത്തുക. ഇതിൽ വിശ്വാസമാർജിച്ച ശേഷം വാട്‌സാപ്പ് നമ്പർ വാങ്ങി സൗഹൃദം കൂടുതൽ വ്യക്തിപരമാക്കാനാകും അടുത്ത ശ്രമം.

അമേരിക്കയിൽ ജോലിചെയ്യുന്ന ഡോക്ടർ, ബിസിനസുകാരൻ, സോഫ്‌റ്റ്‌വേർ കമ്പനി മുതലാളി തുടങ്ങിയ പേരുകളിലാകും ഇവർ സ്വയം പരിചയപ്പെടുത്തുക.

ഇരയുമായി ബന്ധം സ്ഥാപിച്ച ശേഷം ജന്മദിനംപോലുള്ള വിശേഷ ദിവസങ്ങൾ മനസ്സിലാക്കി യൂറോപ്പിൽനിന്ന്‌ സമ്മാനം അയച്ചിട്ടുണ്ടെന്ന്‌ വിശ്വസിപ്പിക്കും. ഇതിന്റെ ചിത്രം വാട്‌സാപ്പിൽ അയച്ചുനൽകും. തൊട്ടടുത്ത ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥൻ എന്ന പേരിലൊരു ഫോൺവിളിയാകും ഇരകളെ തേടിയെത്തുക.

ലക്ഷം നികുതി അടയ്ക്കണം

നിങ്ങളുടെ പേരിലൊരു പാഴ്സൽ എത്തിയിട്ടുണ്ടെന്നും ഫീസ് ആയി ചെറിയ തുക അടയ്ക്കണമെന്നും 'കസ്റ്റംസ് ഉദ്യോഗസ്ഥൻ' എന്ന് പറഞ്ഞ് ഫോണിലൂടെ വിളിക്കുന്നയാൾ ആവശ്യപ്പെടും.

പാഴ്സൽ സ്കാൻ ചെയ്തപ്പോൾ സ്വർണാഭരണങ്ങൾ, ലക്ഷങ്ങൾ വിലയുള്ള വാച്ച്, ഐഫോൺ, പണം എന്നിവ കണ്ടതായും ഇവയ്ക്ക് കസ്റ്റംസ് നികുതി ഇനത്തിൽ 20 ലക്ഷം രൂപ അടയ്ക്കണമെന്നും ഇയാൾ പറയും. ലഭിക്കാനിരിക്കുന്ന കോടികളോർത്ത് ഈ പണം അടയ്ക്കുന്നതോടെ ചതിക്കപ്പെടും.