ആറന്മുള : നൂറിലേറെ കുടുംബങ്ങൾ താമസിക്കുന്ന ആറന്മുള പഞ്ചായത്തിലെ ഏഴാം വാർഡിൽപ്പെട്ട കുളമാപ്പുഴി പ്രദേശത്തുകൂടിയുള്ള സ്വകാര്യ ബസ് സർവീസ് നിലച്ചിട്ട് പത്തുവർഷം കഴിയുന്നു. കിടങ്ങന്നൂരിലേക്കും ആറന്മുളയിലേക്കും പോകേണ്ട പ്രദേശവാസികൾ യാത്രാദുരിതത്തിലാണ്. ആറന്മുളയിൽനിന്ന് കുളമാപ്പുഴി വഴി നാൽക്കാലിക്കൽ എത്തുന്ന റോഡാണിത്. സ്‌കൂൾ-കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ കാൽനടയായും ഓട്ടോയിലുമാണ് ഇപ്പോൾ ആറന്മുളയിലെത്തുന്നത്. മോശം റോഡും യാത്രക്കാരില്ലാത്തതുമാണ് ബസ് സർവീസ് നിർത്താനുള്ള കാരണമായി അന്ന് പറഞ്ഞത്. എന്നാൽ, ഇപ്പോൾ റോഡ് മികച്ച നിലവാരത്തിൽ പൂർത്തിയാക്കി. നാൽക്കാലിക്കൽ എരുമക്കാട് വഴി ചെങ്ങന്നൂരേക്ക് ഈ റോഡിലൂടെ എത്താനും കഴിയും. നിരവധി തവണ ഈ ആവശ്യവുമായി നാട്ടുകാർ ജനപ്രതിനിധികളെ സമീപിച്ചിരുന്നു. അനുകൂല നടപടികൾ ഉണ്ടാകുമെന്നുള്ള വാഗ്ദാനം ലഭിക്കുമെങ്കിലും ഒന്നും നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കോഴഞ്ചേരിയിൽനിന്നും ചെങ്ങന്നൂരിൽനിന്നും എത്തുന്നവർ ഓട്ടോയിൽ വീട്ടിലെത്തേണ്ട സ്ഥിതിയാണെന്നും ഇതുവഴി ചെങ്ങന്നൂരേക്ക് സർവീസ് നടത്തിയാൽ പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നും ഇവർ പറയുന്നു.

വർഷങ്ങളായുള്ള ദുരിതം

നൂറിലേറെ കുടുംബങ്ങൾ രണ്ട് കിലോമീറ്ററിലധികം സഞ്ചരിച്ചാണ് പ്രധാന റോഡിൽ ബസ് കയറാൻ എത്തുന്നത്. സ്‌കൂൾ-കോളേജ് വിദ്യാർഥികളാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. ബസ് സർവീസ് ആരംഭിച്ചാൽ വർഷങ്ങളായുള്ള ദുരിതത്തിന് പരിഹാരമാകും.

(പി.എം.ശിവൻ, വാർഡ് മെമ്പർ)