മല്ലപ്പള്ളി : എസ്.എൻ.ഡി.പി.ഗുരുമന്ദിരം-പുഞ്ച റോഡിൽ മതിലിടിഞ്ഞ് വീഴുന്നത് യാത്രക്കാരെ വലയ്ക്കുന്നു. വെള്ളപൊക്കത്തിന് ഒപ്പം മൂന്ന് ഇടത്താണ് കെട്ട് നിലംപൊത്തിയത്. കഴിഞ്ഞദിവസം രാവിലെ മതിലിന്റെ ഒരുഭാഗം തകർന്ന്‌ റോഡിൽ വീണപ്പോൾ അതുവഴി കടന്നുപോവുകയായിരുന്ന ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് മല്ലപ്പള്ളി പെരിഞ്ചേരിമണ്ണിൽ മറിയം സലോമിയുടെ വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു, ടയർ പൊട്ടിപ്പോയി, തൊട്ടുപിന്നാലെവന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ആർക്കും പരിക്കുകളില്ല. വീതികുറഞ്ഞ ഈ റോഡിൽക്കൂടി സ്കൂൾ കുട്ടികൾ ഉൾപ്പടെ ധാരാളം പേർ യാത്രചെയ്യുന്നതാണ്.

മൂന്ന് മീറ്ററിലധികം പൊക്കത്തിൽ പത്ത് സെന്റിമീറ്റർ വീതിയിലാണ് മതിൽ പണിയുന്നത്. കാറ്റടിച്ചാൽ ആടുമെന്നതാണ് സ്ഥിതി. അംഗീകൃത എൻജിനീയറുടെ സാക്ഷ്യപത്രത്തോടെ പഞ്ചായത്തിൽ ഓൺലൈൻ അപേക്ഷ നൽകിയാണ് നിർമാണം നടത്തേണ്ടത്. എന്നാൽ, മിക്കവരും ഇത് പാലിക്കാറില്ല.

റോഡ് വശത്ത് യാത്രക്കാർക്ക് അപകടഭീഷണിയായ തരത്തിൽ പണി നടത്തുന്നതിനെതിരേ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആരോപണമുണ്ട്.